അഹമ്മദാബാദ്: അഹമ്മദാബാദിലെ എയര്‍ഇന്ത്യ അപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിമാന അപകടത്തിന്റെ കാരണമെന്തെന്ന് സമിതി അന്വേഷിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും സമിതി നിര്‍ദേശിക്കും.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി തലവന്‍. വിമാന സര്‍വീസിനായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമിതി ശിപാര്‍ശ ചെയ്യും. വ്യോമയാന മന്ത്രാലയ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിലെ അഡിഷണല്‍ സെക്രട്ടറി അല്ലെങ്കില്‍ ഒരു ജോയ്ന്റ് സെക്രട്ടറി, ഗുജറാത്തിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്, സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ എന്നിവര്‍ ഈ സമിതിയില്‍ ഉണ്ടായിരിക്കും.
വിമാനത്തിന്റ ബ്ലാക്ക് ബോക്സ് കണ്ടത്തെി. അപകടമുണ്ടായി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് അടക്കമുള്ള രേഖകള്‍ സമിതി പരിശോധിക്കും. സ്ഥലത്ത് നേരിട്ടെത്തി പരിശോധനകള്‍ നടത്തും. ആ സമയത്ത് എയര്‍ ട്രാഫിക് കണ്ട്രോള് റൂമിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയിട്ടുള്ള വിവിധ ഏജന്‍സികളുമായി സഹകരിച്ച് വിവര ശേഖരണം നടത്തും.