മലയാളി പ്രേക്ഷകർക്ക് ക്രൈം ത്രില്ലർ ചലച്ചിത്ര അനുഭവം പകർന്നു നൽകുന്ന മികച്ച വെബ്സീരിസായ കേരള ക്രൈം ഫയൽസ് രണ്ടാം സീസണിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. വെബ് സീരിസുകളില്‍ ഏറെ ജനപ്രീതി നേടിയ കേരള ക്രൈം ഫയല്‍സ് ഒന്നാം ഭാഗത്തിലെ പ്രധാനതാരങ്ങളായ അജു വർഗീസും ലാലും രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. പുതിയൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് രണ്ടാം സീസണിൽ ഒരുക്കിയിരിക്കുന്നത്. ജൂൺ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സീരീസ് സ്ട്രീമിങ് ആരംഭിക്കും.
സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഹമ്മദ് കബീർ തികച്ചും വ്യത്യസ്തമായ സമീപനമാണ് കേരള ക്രൈം ഫയൽസ് എന്ന സീരീസിൽ നടത്തിയിരിക്കുന്നത്. ‘കേരള ക്രൈം ഫയൽസ് : ദി സേർച്ച് ഫോർ സിപിഒ അമ്പിളി’ എന്ന പേരിലിറങ്ങുന്ന സീരീസിൽ കാണാതാകുന്ന സിപിഒ അമ്പിളിയായി വേഷമിടുന്നത് ഇന്ദ്രൻസാണ്. മങ്കി ബിസിനസ്സിന്റെ ബാനറിൽ ഹസൻ റഷീദ്, അഹമ്മദ് ഖബീർ, ജിതിൻ സ്റ്റാൻസിലാവോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന സീരിസിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബാഹുൽ രമേശാണ്.
അജു വർഗീസ്, ലാൽ, ഇന്ദ്രൻസ് എന്നിവരെ കൂടാതെ സീരീസിൽ അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രാഹണം ജിതിൻ സ്റ്റാൻസിലാവോസ്, എഡിറ്റിങ് മഹേഷ് ഭുവനന്ദ്, ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്.
STORY HIGHLIGHT: kerala crime files part 2