കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍. നെയ്യാര്‍ഡാം സച്ചു ഭവനില്‍ സുനി (41), അതിയന്നൂര്‍ പനയറത്തല സ്വദേശി മാളു (36) എന്നിവരെയാണ് പിടിയിലായത്.
വെങ്ങാനൂര്‍ സൈനു ഭവനില്‍ ശാരദയുടെ (77) മാലയാണ് പ്രതികള്‍ കവര്‍ന്നത്. ജൂണ്‍ നാലാം തീയതിയായിരുന്നു മോഷണം. കിടപ്പുരോഗിയായ ശാരദയുടെ പരിചരണാര്‍ഥമുള്ള ജോലിക്കു വേണ്ടി ഏര്‍പ്പെടുത്തിയവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ മാളുവാണ് മാല ഊരിയെടുത്തത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബാലരാമപുരത്തുളള സ്വര്‍ണപണയസ്ഥാപനത്തില്‍ മാല പണയം വെച്ച് ഒരു ലക്ഷം രൂപവാങ്ങി.
തുടര്‍ന്ന് പണവുമായി ബീമാപളളിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. പണയം വെച്ച് കിട്ടിയ രൂപയില്‍നിന്ന് വസ്ത്രങ്ങളും മൊബൈല്‍ ഫോണും വാങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. മാല നഷ്ടപ്പെട്ടതിനും ജോലിക്കാരികളെ കാണാതായതിനെയും തുടര്‍ന്ന് സൈനു ഇവരെ ഫോണില്‍ വിളിച്ചിരുന്നു.
മടങ്ങിവരാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇവര്‍ വന്നില്ല. തുടര്‍ന്ന് സൈനു വിഴിഞ്ഞം പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ജോലിക്കാര്‍ പിടിയിലാകുന്നത്.