ഞൊടിയിടയില്‍ ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കിയാലോ. നല്ല കിടിലന്‍ രുചിയില്‍ മസാല പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ചോളപ്പൊടി -1 കപ്പ്
ഓട്സ് -1 കപ്പ്
ഉള്ളി -1/2 കപ്പ്
തക്കാളി -1/2 കപ്പ്
പച്ച മുളക് -3 എണ്ണം
കടുക് -1/2 ടീസ്പൂണ്‍
ചുവന്ന മുളക് -2 എണ്ണം
ഉഴുന്നു പരിപ്പ് -1 ടേബിള്‍ സ്പൂണ്‍
ബീന്‍സ് -1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ്
കാബേജ് – 1/2 കപ്പ്
മഞ്ഞള്‍പ്പൊടി – 1/8 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചോളപ്പൊടി, ഓട്സ് എന്നിവ വറുത്തെടുക്കുക.ഫ്രൈയിങ് പാനില്‍ എണ്ണയൊഴിച്ചു കടുകു പൊട്ടിക്കുക. ഉഴുന്നു പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്തു വറക്കുക. ഉള്ളിയും പച്ചമുളകും തക്കാളിയും ചേര്‍ത്തു വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തിളക്കുക. ബീന്‍സും കാരറ്റും കാബേജും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വേവിക്കുക. വെന്തു വരുമ്പോള്‍ തീ കെടുത്തി ചൂടാറാന്‍ വയ്ക്കുക. തണുത്ത ശേഷം ചോളം ഓട്സ് മിക്സ് കുറച്ചു തേങ്ങ ചേര്‍ത്തു പൊടിച്ചു കൊടുക്കുക. മസാല കൂടി ചേര്‍ത്തു കൊടുക്കുക. ഉപ്പും ചേര്‍ത്തു വെള്ളം തളിച്ചു പുട്ടിന്റെ മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക.10 മിനിറ്റ് അടച്ചു വച്ച ശേഷം പുട്ട് കുറ്റിയില്‍ വേവിച്ചെടുക്കാം