ആലപ്പുഴ: ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് പേർ രക്ഷപ്പെട്ടു. തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി (31) ആണ് മരിച്ചത്. പുന്നമട രാജീവ് ജെട്ടിയിലാണ് അപകടം നടന്നത്. ഫയർ ഫോഴ്സ് എത്തിയാണ് ലിജോയിയെ പുറത്തെടുത്തത്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്നവർ നീന്തി പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഭക്ഷണം കഴിക്കാനായി പോയവർ ആണ് അപകടത്തിൽപെട്ടത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്.