Automobile

ദുല്‍ഖറിന്റെ ആദ്യ ഇലക്ട്രിക് സൂപ്പർ ബൈക്ക് ‘അള്‍ട്രാവയലറ്റ് F77. F77’ കയ്യടക്കി കുഞ്ഞുമറിയം

സിനിമക്കാർക്കിടയിലെ വണ്ടിപ്രേമികളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. ജി വാഗൺ, പോർഷെ, ലാൻഡ് ക്രൂയിസർ, പോളോ ജിടിഐ, മെയ്ബാക് ജിഎൽ എസ് 600, ലാൻഡ് റോവർ ഡിഫൻഡർ എന്നു തുടങ്ങി ഇവരുടെ ഗാരേജിലെ ആഡംബര വാഹനങ്ങളുടെ കളക്ഷൻ ഏറെയാണ്. ഇപ്പോഴിതാ താരത്തിന്റെ അള്‍ട്രാവയലറ്റ് F77. F77 ലിമിറ്റഡ് എഡിഷന്റെ #001 മോഡൽ ഇലക്ട്രിക് ബൈക്ക് ആണ് ചർച്ചാ വിഷയം.

ദുൽഖറിന് നിക്ഷേപമുള്ള ഇരുചക്ര വാഹന കമ്പനി കൂടിയാണ് അൾട്രാവയലറ്റ്. ഏകദേശം ഒരു മാസം മുമ്പ് മകളുമൊത്ത് ഈ മോഡൽ ബൈക്കിൽ ഇരിക്കുന്ന ദുൽഖറിന്റെ ചിത്രങ്ങൾ ഫാൻ പേജിലൂടെയും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാ‌ൽ ഫാദേർസ് ഡേ ആയ ഇന്നലെയാണ് ദുൽഖറിന്റെ ഇൻസ്റ്റാ പേജിൽ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഫാദേർസ് ഡേ ആശംസകൾ നേർന്നു കൊണ്ട് ദുൽഖറുമായി ചേർന്ന് അൾട്രാവയലറ്റാണ് ചി‍ത്രം പങ്കുവച്ചത്.സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇതിനു താഴെ കമന്റുകളുമായി എത്തിയത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ സംഭവം വീണ്ടും വൈറലായി.

വാഹനമേതായാലും ഇഷ്ട നമ്പറും താരം കൈവിട്ടിട്ടില്ല. ടിഎന്‍ 06 എകെ 0369 എന്നതാണ് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ. F77 മാക് 2 മോഡലിലെ ആദ്യ വണ്ടി സ്വന്തമാക്കുന്ന താരവും ദുൽഖർ തന്നെ. ഇന്ത്യയിൽ ഏറ്റവും വേഗമുള്ള ഇലക്ട്രിക് ബൈക്ക് എന്ന പേരിൽ 2022 ലാണ് മാക് 2 വിപണിയിലെത്തിയത്. മണിക്കൂറിൽ 155 കിലോമീറ്ററാണ് വേഗം. 7.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന ബൈക്കിന് 40 ബിഎച്ച്പി കരുത്തും 100 എൻഎം ടോർക്കുമുണ്ട്. ലിമിറ്റഡ് എഡിഷനിൽ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ 10.3 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണുള്ളത്. ഫുൾചാർജിൽ 307 കിലോമീറ്റർ റേഞ്ച് വരെ വാഹനം വാഗ്ദാനം ചെയ്യുന്നു.