Automobile

വില 4.3 കോടി രൂപ; എഎംജി ജി 63 കളക്‌ടേഴ്‌സ് എഡിഷൻ പുറത്ത്

മെഴ്‌സിഡീസ്-ബെൻസ് ഇന്ത്യ പുതിയ എഎംജി ജി 63 കളക്‌ടേഴ്‌സ് എഡിഷൻ പുറത്തിറക്കി. 4.3 കോടി രൂപ ആണ് എക്‌സ്-ഷോറൂം വില. ഇന്ത്യൻ മൺസൂൺ കാലയളവിലെ കാടുകളുടെയും ഭൂമിയുടെയും നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന്റെ ഷെയ്ഡുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് മെഴ്‌സിഡീസ് വ്യക്തമാക്കി.

വെറും 30 യൂണിറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ സ്പെഷ്യൽ എഡിഷൻ ജി-ക്ലാസ്, മെഴ്‌സിഡീസ്-ബെൻസ് ഇന്ത്യയും മെഴ്‌സിഡീസ്-ബെൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇന്ത്യയും ചേർന്നുള്ള പ്രയത്നത്തിന്റെ ഫലമാണ്. വാഹനത്തിനെക്കുറിച്ച് പറഞ്ഞാൽ, ലിമിറ്റഡ് എഡിഷൻ ജി 63 മാനുഫാക്റ്റൂർ മിഡ് ഗ്രീൻ മാഗ്നോ, മാനുഫാക്റ്റൂർ റെഡ് മാഗ്നോ എന്നിങ്ങനെ രണ്ട് പുതിയ ഇന്ത്യ-സ്പെക്ക് കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. എംബഡഡ് ഇൻസിഗ്നിയയും ‘കളക്‌ടേഴ്‌സ് എഡിഷൻ’ ബ്രാൻഡിംഗിനുമൊപ്പം പുറംഭാഗത്ത് ഒരു സവിശേഷ പ്രൊടക്ടീവ് സ്ട്രിപ്പും ഇതിന്റെ സവിശേഷതയാണ്. കൂടാതെ എഡിഷൻ വ്യക്തമാക്കുന്ന ബാഡ്‌ജിംഗും സ്പെയർ വീൽ കവറിൽ “വൺ ഓഫ് തേർട്ടി” എന്ന ഫലകവും എസ്‌യുവിക്ക് ലഭിക്കുന്നു. 22 ഇഞ്ച് ടെക് ഗോൾഡ് അലോയ് വീലുകളുമാണ് സ്‌പെഷ്യൽ എഡിഷൻ എസ്‌യുവിയിൽ വരുന്നത്.

ഡോറുകൾ തുറന്ന് അകത്തേക്ക് നോക്കിയാൽ ക്യാബിൻ ടു-ടോൺ മാനുഫാക്തൂർ കറ്റാലാന ബീജ്, ബ്ലാക്ക് നാപ്പ ലെതർ അപ്ഹോൾസ്റ്ററിയിൽ ഓപ്പൺ-പോർ വാൽനട്ട് വുഡ് ട്രിം ഇൻസേർട്ടുകളുമായി ചേർത്തിരിക്കുന്നു. എന്നിരുന്നാലും, ഉപഭോക്താക്കളുടെ പേര് ഉൾക്കൊള്ളുന്ന കസ്റ്റമൈസ് ചെയ്യാവുന്ന പാസഞ്ചർ ഗ്രാബ് ഹാൻഡിൽ ആണ് ക്യാബിന്റെ ഒരു പ്രധാന ഹൈലൈറ്റ്.

മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ, സ്റ്റാൻഡേർഡ് ജി 63 -യുടെ എല്ലാ സവിശേഷതകളും സ്പെഷ്യൽ എഡിഷന് ലഭിക്കുന്നു, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയിൻമെന്റിനുമുള്ള ട്വിൻ 12.3 ഇഞ്ച് ഡിസ്പ്ലേകൾ, അഡാപ്റ്റീവ് സസ്പെൻഷനോടുകൂടിയ AMG ആക്റ്റീവ് റൈഡ് കൺട്രോൾ, ഇൻഫോടെയിൻമെന്റ് സ്ക്രീനിനുള്ള പുതിയ ഓഫ്-റോഡ് കോക്ക്പിറ്റ് ഡിസ്പ്ലേ, 18-സ്പീക്കർ ബർമെസ്റ്റർ 3D സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പവർട്രെയിന്റെ കാര്യത്തിൽ, നമുക്ക് പരിചിതമായ 4.0 -ലീറ്റർ ട്വിൻ-ടർബോ AMG V8 യൂണിറ്റാണ് ഇതിൽ വരുന്നത്. 577 bhp കരുത്തും 850 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. കാര്യമായ മാറ്റങ്ങൾ ഒന്നും ഹുഡിനടിയിൽ സംഭവിച്ചിട്ടില്ല. നാല് വീലുകളിലേക്കും പവർ പകരുന്നതിലൂടെ, മെഴ്‌സിഡസിന് മണിക്കൂറിൽ 240 കിലോമീറ്റർ ടോപ്പ് സ്പീഡ് കൈവരിക്കാനാവും. കൂടാതെ 4.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയും കൈവരിക്കുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

പുതിയ G 63 കളക്‌ടേഴ്‌സ് എഡിഷന്റെ ബുക്കിംഗ് ജൂൺ 12 മുതൽ ആരംഭിക്കും, ഡെലിവറികൾ 2025 നാലാം പാദത്തിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ കാര്യത്തിൽ മറ്റൊരു പ്രത്യേകത എന്തെന്നാൽ, നിലവിലുള്ള മെഴ്‌സിഡസ്-ബെൻസ് ടോപ്പ്-എൻഡ് മോഡലിന്റെ ഉപഭോക്താക്കൾക്ക് മാത്രമേ ലിമിറ്റഡ് എഡിഷൻ ലഭ്യമാകൂ എന്നതാണ്.