Entertainment

‘മിമിക്രി എന്ന പേരില്‍ അച്ഛനെ അപമാനിക്കരുത്’: അഭ്യര്‍ത്ഥനയുമായി നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യന്‍

എക്കാലവും മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു മഹാപ്രതിഭയാണ് സത്യന്‍ എന്ന നടന്‍. നിരവധി കലാകാരന്മാര്‍ സത്യനെ അനുകരിക്കാറുമുണ്ട് . ഇപ്പോഴിതാ
മിമിക്രി എന്ന പേരില്‍ അച്ഛനെ അപമാനിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യന്‍. സത്യനെ മായം ചേര്‍ത്താണ് ചിലര്‍ അവതരിപ്പിക്കുന്നത്. ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണമെന്നും സതീഷ് അഭ്യര്‍ഥിച്ചു. സത്യന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സത്യന്‍ സ്മൃതി’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സതീഷ് സത്യന്റെ വാക്കുകള്‍….

‘മിമിക്രി കൊണ്ട് ജീവിക്കുന്നവര്‍ ഇത്തരം കുരുത്തകേടുകളും ഗുരുത്വമില്ലായ്മയും കാണിക്കരുത്. സത്യനെ മോശമായി ചിത്രീകരിക്കുന്ന ഇവര്‍ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. സത്യന്റെ സിനിമകള്‍ കണ്ടതിനുശേഷം അദ്ദേഹത്തിന്റെ ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി അനുകരിച്ച് കാണിച്ചാല്‍ ഒരു പവന്‍ സമ്മാനമായി നല്‍കാം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഇത് ചെയ്യാന്‍ തയ്യാറായാല്‍ അവിടെ ഒരു പരിപാടി നടത്താനും ഞാന്‍ തയ്യാറാണ്’.

സതീഷ് സത്യന്റെ വാക്കുകള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സതീഷിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.