രഞ്ജി ക്രിക്കറ്റ് തയ്യാറെടുക്കുകയാണ് ടീമുകൾ. 2025-26 രഞ്ജി ട്രോഫി സീസണിന്റെ ഷെഡ്യൂൾ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ.ഒക്ടോബർ 15ന് ആണ് രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തുന്നത്. ഒക്ടോബർ 15 മുതൽ നവംബർ 19 വരെയാണ് ആദ്യ ഘട്ടം. രഞ്ജി ട്രോഫി നോക്കൗട്ട് മത്സരങ്ങൾ ഫെബ്രുവരി ആറിന് ആരംഭിച്ച് 28ന് അവസാനിക്കും.
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത രഞ്ജി ട്രോഫി സീസണായിരുന്നു കടന്ന് പോയത്. ചരിത്രത്തിലാദ്യമായി കേരള ടീം രഞ്ജി ട്രോഫി ഫൈനലിലെത്തിയപ്പോൾ അടക്കാനാവാത്ത ആവേശത്തിലായിരുന്നു മലയാളികൾ.ഇത്തവണ കിരീടമാണ് ലക്ഷ്യം. കഴിഞ്ഞ തവണത്തെ മികച്ച പ്രകടനം ടീമിന്റെ പ്രതീക്ഷ വാനോളം ഉയർത്തുന്നു.
രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് ബിയിൽ ആണ് കേരളം. കർണാടക, ചണ്ഡീഗഡ്, സൗരാഷ്ട്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗോവ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ കേരളത്തിനൊപ്പമുള്ളത്. കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഉൾപ്പെടെ വമ്പന്മാരെ അതിജീവിച്ച് എത്തിയത് ഈ വരുന്ന സീസണിൽ കേരളത്തിന്റെ ആത്മവിശ്വാസം കൂട്ടും.