Health

ഉള്ളിയിലെ പൂപ്പൽ ആരോഗ്യത്തിന് ദോഷകരമാണോ ? പഠനം പറയുന്നത്…

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയാണ് ഉള്ളി. കറികൾക്ക് സ്വാദ് കൂടണമെങ്കിൽ ഇവൻ തന്നെ വേണം. ആരോഗ്യകരമായ ഒട്ടേറെ സംയുക്തങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഉള്ളി.

വേവിച്ചു കഴിക്കുന്നതിന് പകരം, സാലഡിലും മറ്റും ചേര്‍ത്തും ഉള്ളി കഴിക്കാറുണ്ട്. ഉള്ളി വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. കൂടാതെ, ഉള്ളിയിൽ ക്വെർസെറ്റിൻ, ആന്തോസയാനിനുകൾ തുടങ്ങിയ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആന്‍റി ഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറക്കാനും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറക്കാനും സഹായിക്കുന്നു.

ഉള്ളിയിൽ അലിസിൻ പോലുള്ള ഓർഗാനോസൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും കുറക്കാൻ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് കുറക്കുന്നതിനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ക്വെർസെറ്റിൻ പോലുള്ള ആന്‍റി ഓക്‌സിഡന്റുകളും ഉള്ളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

താപനില മാറുന്നതനുസരിച്ച് ഉള്ളിയില്‍ പൂപ്പല്‍ ഉണ്ടാവാറുണ്ട്. ഇത് ആരോഗ്യത്തിന് ദോഷകരമാണോ? മണ്ണില്‍ കാണപ്പെടുന്ന ഒരു സാധാരണ ഫംഗസായ ആസ്പര്‍ജില്ലസ് നൈജര്‍ എന്ന കറുത്ത പൂപ്പലാണ് ഇതിന് കാരണം. ഇത്തരം കറുത്ത പൂപ്പലിന് വിഷാംശം ഉണ്ടെങ്കിലും അത്ര അപകടകാരിയല്ല. എന്നാൽ ഇവ കഴിച്ചാല്‍ ഛര്‍ദ്ദി, ഓക്കാനം, തലവേദന, വയറുവേദന, വയറിളക്കം തുടങ്ങിയ അലര്‍ജിക്ക് കാരണമായേക്കാം.

ഉള്ളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുണ്ടോ എന്നതാണ് മറ്റൊരു സംശയം. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ഈർപ്പം തട്ടി ഇതുപോലെ അസ്പെർഗിലസ് നൈഗർ എന്ന ഫംഗസ് കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഉള്ളിയില്‍ കാണുന്ന ഇത്തരം കറുത്ത ഭാഗങ്ങള്‍ വൃത്തിയായി കഴുകിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. കറുത്ത പൂപ്പലുകള്‍ ഉള്ളിയുടെ പുറത്ത് മാത്രമേ ഉള്ളുവെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. എന്നാല്‍ അകത്തേക്ക് പടര്‍ന്നിട്ടുണ്ടെങ്കില്‍ ഇവ ഉപയോഗിക്കാതിരുക്കുന്നതാണ് നല്ലത്.