ചർമ്മ സംരക്ഷണത്തിന് നല്ല ജീവിത ശൈലി അത്യാവശ്യമാണ്. പ്രത്യേകിച്ചും ഭക്ഷണശീലം… ചർമത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും യുവത്വമുള്ള ചർമം നിലനിർത്താനും നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ. ആരോഗ്യകരമായ ചർമം സ്വന്തമാക്കാൻ പോഷകാഹാരം കഴിക്കേണ്ടത് പോലെ തന്നെ പ്രധാനമാണ് ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതും. അത്തരത്തിൽ ചർമത്തിന് ദോഷകരമാകുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ
മിഠായി, സോഡ, പേസ്ട്രികൾ, മധുര പലഹാരങ്ങൾ തുടങ്ങീ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ചർമത്തിന്‍റെ ആരോഗ്യത്തെ ബാധിക്കും. ഇത് ചർമത്തിലെ എണ്ണ ഉത്പാദനം വർധിപ്പിക്കുകയും കൊളാജൻ തകർക്കുകയും ചെയ്യും. ചർമത്തിൽ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയുണ്ടാകാനും ഇത് കരണമാകയും.
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കാരണമാകും. മുഖക്കുരുവിലേക്ക് നയിക്കുന്ന സെബം ഉത്പാദനം വർധിക്കാനും ഇവ കാരണമാകും. അതിനാൽ വെളുത്ത അപ്പം, വെളുത്ത അരി, പാസ്‌ത, ബേക്ക് ചെയ്‌ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
പാലുത്പന്നങ്ങൾ
പാലുത്‌പന്നങ്ങളുടെ അമിത ഉപയോഗം മുഖക്കുരു ഉണ്ടാക്കുകയും മുഖക്കുരു വഷളാക്കുകയും ചെയ്യും. ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇത് ചർമത്തിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
സംസകരിച്ച മാംസം
സംസ്‌കരിച്ച ഭക്ഷണങ്ങളിൽ സോഡിയം, പ്രിസർവേറ്റീവുകൾ, പൂരിത കൊഴുപ്പുകൾ, നൈട്രേറ്റുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ വീക്കം, ചുളിവുകൾ എന്നിവ ഉണ്ടാക്കും. ഇത് അകാല വർധക്യത്തിലേക്ക് നയിച്ചേക്കും. അതിനാൽ ബേക്കൺ, സോസേജ്, ഡെലി മീറ്റ്സ്, ഹോട്ട് ഡോഗുകൾ എന്നിവ ഉൾപ്പെടെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കും.
ഫാസ്റ്റ് ഫുഡ്
ഫാസ്റ്റ് ഫുഡിൽ കൂടുതൽ അളവിൽ ട്രാൻസ് ഫാറ്റുകളും ശുദ്ധീകരിച്ച എണ്ണകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം വർധിപ്പിക്കുകയും ചർമത്തിലെ സുഷിരങ്ങൾ അടയാൻ ഇടയാക്കുകയും ചെയ്യും. മുഖക്കുരു, പൊട്ടൽ എന്നിവ പോലുള്ള ചർമ പ്രശ്‌നങ്ങൾ വരാൻ ഇത് കാരണമാകും. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലത്.
സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ
ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വീക്കം, ഐ ബാഗുകൾ തുടങ്ങിയ അവസ്ഥയ്ക്ക് കാരണമാകും. അതിനാൽ ചിപ്‌സ്, ടിന്നിലടച്ച സൂപ്പുകൾ, ശീതീകരിച്ച ഭക്ഷണങ്ങൾ തുടങ്ങീ സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.















