Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണിവരെയാണ് കൊട്ടിക്കലാശം. എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശം ഉണ്ടാകും. നിലമ്പൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികൾക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും.

യുഡിഎഫ് സ്ഥാനാർത്ഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കാണും. ഉച്ചയ്ക്ക് 12 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും. ബിജെപി സ്ഥാനാർഥി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആയിട്ട് വോട്ട് ചോദിക്കും. പി വി അൻവർ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്.

വൈകുന്നേരത്തോടെ നിലമ്പൂരിൽ കേന്ദ്രീകരിക്കുന്ന സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിലും പങ്കെടുക്കും. മഹാറാണി ജംഗ്ഷനിൽ നടക്കുന്ന എൽഡിഎഫിൻ്റെ കൊട്ടിക്കലാശത്തിലാണ് എം. സ്വരാജ് പങ്കെടുക്കുക. അർബൻ ബാങ്കിന് സമീപത്താണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ കൊട്ടിക്കലാശം. പി.വി അൻവറിന് ചന്തകുന്നിലാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. സുരക്ഷക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 773 പൊലീസുകരെ തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചു.