ഫോക്‌സ്‌വാഗന്റെ ഗോൾഫ് GTI മോഡലിന്റെ കേരളത്തിലെ ആദ്യ ഉടമയായി നടൻ ജയസൂര്യ. മകൻ അദ്വൈതിന് വേണ്ടിയാണ് നടൻ ഈ വാഹനം വാങ്ങിയിരിക്കുന്നത്.
കുടുംബസമേതം തൃശ്ശൂരിലെ ഫോക്സ് വാഗൺ ഷോറൂമിലെത്തി വാഹനം സ്വീകരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വെള്ള നിറത്തിലുള്ള ഗോൾഫാണ് ജയസൂര്യ സ്വന്തമാക്കിയത്.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോള്‍ഫ്. 250 ഗോൾഫ് ജിടിഐ വാഹനങ്ങൾ മാത്രമാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഇതിലെ ആദ്യ ബാച്ചിലെ 150 വാഹനങ്ങളിൽ ഒന്നാണ് ജയസൂര്യ വാങ്ങിയത്.
കേരളത്തിലടക്കം വാഹന പ്രേമികളുടെ ഇഷ്ട വാഹനമാണ് ഗോൾഫ്. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ ബാച്ചിലെ വാഹനങ്ങളെല്ലാം വിറ്റുപോയിരുന്നു.
ഫോക്‌സ്‌വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ 5.9 സെക്കന്റ് മതി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് വാഹനത്തിന്റെ പരമാവധി വേഗം. 52.99 ലക്ഷം രൂപയാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ എക്സ് ഷോറൂം വില.
അദ്വൈതിന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഈ വാഹനമെന്നും ഇന്ത്യയിൽ എത്തുന്നു എന്നു കേട്ടപ്പോൾ ഒരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.
content highlight: GOLF GTI