ദോശയ്ക്കും ഇഡലിക്കുമെല്ലാം കൂടെ കഴിക്കാൻ ഉഗ്രൻ സ്വാദിലൊരു ചമ്മന്തി പൊടി തയ്യാറാക്കിയാലോ? തേങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കിടിലൻ ചമ്മന്തിപൊടി.
ആവശ്യമായ ചേരുവകൾ
- 2 കപ്പ് തേങ്ങ ചിരകിയത്
- ¼ കപ്പ് ഉഴുന്ന് പരിപ്പ്
- 7 ചുവന്നമുളക്
- ഒരുപിടി കറിവേപ്പില
- നാരങ്ങാ വലുപ്പത്തിൽ പുളി
- ഒരു നുള്ള് കായം
- ½ ടീസ്പൂൺ ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു വലിയ കടായിയിൽ 2 കപ്പ് തേങ്ങ ചേർത്ത് മീഡിയം തീയിൽ 2-3 മിനിറ്റ് വറുക്കുക. തേങ്ങാ നന്നായി വറുത്ത് വരുമ്പോൾ ¼ കപ്പ് ഉഴുന്ന് പരിപ്പ് ചേർത്ത് മീഡിയം തീയിൽ വറുക്കുക. രണ്ടും നിറം ചെറുതായി മാറുന്നതുവരെ വറുക്കുക. ശേഷം7 ഉണക്കമുളകും ഒരുപിടി കറിവേപ്പിലയും ചേർക്കുക. തേങ്ങ വറുത്തത് സ്വർണ നിറമാകുന്നതു വരെ വറുക്കുക. ഈ മിശ്രിതം പൂർണ്ണമായും തണുത്ത ശേഷം മിക്സിയിലേക്ക് മാറ്റുക. മിക്സിയിലേക്ക് നാരങ്ങാ വലുപ്പത്തിൽ പുളി, ഒരു നുള്ള് കായം, ഉപ്പ് എന്നിവ ചേർക്കുക. ശേഷം നന്നായി പൊടിയാവുന്നത് വരെ പൊടിച്ചെടുക്കുക. രുചികരമായ ചമ്മന്തി പൊടി തയ്യാർ