Sports

അശ്വിന്‍ പന്തില്‍ കൃത്രിമത്വം നടത്തിയിട്ടില്ല; പരാതി വെറും അനുമാനം മാത്രമെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ | TCA

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ഡിഗല്‍ ഡ്രാഗണ്‍സിന്റെ താരമാണ് അശ്വിന്‍

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍  പന്തില്‍ കൃത്രിമത്വം കാണിച്ചെന്ന ഗുരുതര ആരോപണത്തില്‍ തെളിവില്ലെന്നു വ്യക്തമാക്കി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍.  താരവും ടീമും രാസ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ ഭാരം കൂട്ടിയെന്ന പരാതിയുമായി ലീഗിലെ മറ്റൊരു ടീമായ മധുരൈ പാന്തേഴ്‌സാണ് രംഗത്തെത്തിയത്.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ഡിഗല്‍ ഡ്രാഗണ്‍സിന്റെ താരമാണ് അശ്വിന്‍. എന്നാല്‍ ഇത്തരമൊരു ആരോപണം ശരിവയ്ക്കുന്നതിനു ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പാന്തേഴ്‌സ് ടീമിനു സാധിച്ചില്ലെന്നു തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഔട്ട് ഫീല്‍ഡ് നനയുന്നതിനാല്‍ പന്ത് വരണ്ടതാക്കാന്‍ ലീഗില്‍ ഫ്രാഞ്ചൈസികള്‍ക്കു തൂവാല നല്‍കുന്നുണ്ട്. അമ്പയര്‍മാര്‍ ഇതു കൃത്യമായി പരിശോധിക്കാറുമുണ്ട്. അതിനിടെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്.

ഇരു ടീമുകള്‍ക്കും തൂവാല നല്‍കുന്നത് സംഘാടകരാണ്. മാത്രമല്ല ഇതെല്ലാം അംപയര്‍മാര്‍ കൃത്യമായി പരിശോധിക്കുകയും ചെയ്യുന്നു. പന്തും അംപയര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കളിക്കാന്‍ എടുക്കാറുള്ളത്. അംപയര്‍മാര്‍ ഒരു സംശയവും ഉന്നയിച്ചിട്ടില്ല.

ആരോപണം അനുമാനത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്. സംഭവം വസ്തുതാവിരുദ്ധമാണ്. തെളിവുകളൊന്നും ആരോപണമുന്നയിച്ചവര്‍ക്ക് ഹാജരാക്കാനും കഴിഞ്ഞിട്ടില്ല- അധികൃതര്‍ വ്യക്തമാക്കി.

content highlight: TCA