India

മോഡലിനെ കനാലില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവം: കാമുകന്‍ പൊലീസ് പിടിയില്‍

കഴിഞ്ഞ ദിവസം ഹരിയാനയില്‍ കാണാതായ മോഡലിനെ കനാലില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ യുവതിയുടെ കാമുകനെ ഹരിയാന പൊലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(സിഐഎ) അറസ്റ്റ് ചെയ്തു.

ഇസ്രാന സ്വദേശിയായ സുനിലിനെയാണ് പൊലീസ് പിടികൂടിയത്. ഹരിയാനയിലെ മോഡലും സംഗീത ആല്‍ബങ്ങളിലെ താരവുമായ ശീതളാണ് കൊല്ലപ്പെട്ടത്.

ജൂണ്‍ 14-ാം തീയതി മുതല്‍ കാണാതായ ശീതളിനെ തിങ്കളാഴ്ചയാണ് സോണിപതിന് സമീപത്തെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശീതള്‍ സഞ്ചരിച്ച കാറും കനാലിലേക്ക് മറിഞ്ഞ നിലയിലായിരുന്നു.

പ്രാഥമിക പരിശോധനയില്‍ കുത്തേറ്റാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ യുവതിയുടെ കാമുകനെ പിടികൂടുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. പ്രതിയായ സുനില്‍ വിവാഹിതനാണ്.

ശീതളും സുനിലും അടുപ്പത്തിലായിരുന്നെങ്കിലും ഇയാള്‍ വിവാഹിതനാണെന്ന വിവരം യുവതി നേരത്തേ അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് സുനില്‍ വിവാഹിതനാണെന്ന കാര്യം യുവതി അറിഞ്ഞത്.

ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.