കൊച്ചിയിൽ നിന്ന് രാവിലെ 9:15ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് വിമാനം അടിയന്തരമായി നാഗ്പൂരിൽ ലാൻഡ് ചെയ്തതായാണ് റിപ്പോർട്ട്.
പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും നാഗ്പുർ ഡിസിപി ലോഹിത് മാദാനി പറഞ്ഞു.
രാവിലെ 9.31ന് കൊച്ചിയിൽ നിന്ന് ഡൽഹിക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ഇമെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.
157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിക്ക് പോകുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
















