ഇലക്ട്രിക് എസ്‌യുവികളുടെ ഹൈബ്രിഡ് വകഭേദം പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര. ഇവരുടെ തന്നെ എക്‌സ്ഇവി 9ഇയും ബിഇ 6ഉം വാഹനപ്രേമികളുടെ മനസ് കീഴടക്കിയതിന് പിന്നാലെയാണ്, മഹീന്ദ്ര പുതിയ ഇലക്ട്രിക് എസ്‌യുവികള്‍ക്ക് ഹൈബ്രിഡ് വകഭേദം പുറത്തിറക്കാൻ തയാറെടുക്കുന്നത്.
ഹൈബ്രിഡ് കൂടി വരുന്നതോടെ കൂടുതല്‍ പേര്‍ ഈ മോഡലുകളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഇലക്ട്രിക്ക് കാറുകള്‍ക്ക് വേണ്ടി പ്രത്യേകമായുള്ള മഹീന്ദ്രയുടെ ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്ഇവി 9ഇയും ബിഇ 6ഉം മഹീന്ദ്ര നിര്‍മിച്ചെടുത്തിരിക്കുന്നത്. വൈദ്യുത കാറുകളുടെ പ്രചാരം ക്രമാനുഗതമായി വര്‍ധിക്കുന്നുണ്ടെങ്കിലും ഹൈബ്രിഡ് മോഡലുകള്‍ കൂടി എത്തിയാല്‍ അത് വില്‍പനയുടെ വേഗത കൂട്ടുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. തങ്ങളുടെ വിഭാഗങ്ങളില്‍ മികച്ച പ്രകടനം തുടരുന്നവയാണ് എക്‌സ്ഇവി 9ഇയും ബിഇ 6ഉം.
ഈ രണ്ട് മോഡലുകളിലും പാക്ക് വണ്‍, പാക്ക് വണ്‍ എബൗ, പാക്ക് ടു, പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളാണ് മഹീന്ദ്ര നല്‍കിയിട്ടുള്ളത്. പാക്ക് വണ്‍ മുതല്‍ പാക്ക് ത്രീ സെലക്ട് വരെയുള്ള വകഭേദങ്ങളില്‍ 59 കിലോവാട്ടിന്റേയും പാക്ക് ത്രീയില്‍ 79 കിലോവാട്ടിന്റേയും ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. ഏറ്റവും ഉയര്‍ന്ന വകഭേദമായ പാക്ക് ത്രീയുടെ ബിഇ 6ന് 26.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയാണ് വില. ഉയര്‍ന്ന വകഭേദം മാര്‍ച്ച് പകുതി മുതല്‍ മഹീന്ദ്ര വിപണിയിലെത്തിക്കുന്നുണ്ട്. പാക്ക് ത്രീ ഒഴികെയുള്ള ബിഇ 6 മോഡലുകള്‍ക്ക് 18.90 ലക്ഷം മുതല്‍ 24.50 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. എക്‌സ്ഇവി 9ഇയിലേക്കുവന്നാല്‍ 21.90 ലക്ഷം മുതല്‍ 27.90 ലക്ഷം രൂപവരെയായി വില ഉയരും.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഈ രണ്ട് മോഡലുകളിലുമായി 4,021 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റത്. ഹൈബ്രിഡ് കൂടി വരുന്നതോടെ പ്രതിമാസ വില്‍പന വര്‍ധിക്കും. ഇന്‍ഗ്ലോ സ്‌ക്കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമില്‍ ഹൈബ്രിഡ് സൗകര്യം ഒരുക്കാന്‍ എളുപ്പം സാധിക്കുമെന്നതും മഹീന്ദ്രക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാവും ഹൈബ്രിഡ് മോഡലില്‍ ഉപയോഗിക്കുക. ഹൈബ്രിഡില്‍ റേഞ്ച് പിന്നെയും വര്‍ധിക്കുന്നതോടെ റേഞ്ചിനെ പറ്റിയുള്ള ആശങ്കകളും കുറയും.
എക്‌സ്‌യുവി 3എക്‌സ്ഒ എന്ന മോഡലിലും ഹൈബ്രിഡ് ഓപ്ഷന്‍ കൊണ്ടുവരാന്‍ മഹീന്ദ്ര ശ്രമിക്കുന്നുണ്ട്. എക്‌സ്‌യുവി 3 എക്‌സ്ഒയില്‍ ഇതിനകം തന്നെ 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിങ്ങനെയുള്ള എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ എത്തുന്നതോടെ സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ എക്‌സ്‌യുവി 3എക്‌സ്ഒക്ക് മേല്‍ക്കൈ നല്‍കുന്ന ഫീച്ചറായും ഇത് മാറും. മാരുതി ബ്രസ, ടാറ്റ നെക്‌സോണ്‍, കിയ സോണറ്റ്, ഹ്യുണ്ടേയ് വെന്യു, സ്‌കോഡ കൈലാക്ക് എന്നിവരാണ് പ്രധാന എതിരാളികള്‍.
മാരുതി അടക്കമുള്ള മുന്‍നിര കമ്പനികളും കൂടുതല്‍ ജനകീയമായ ഹൈബ്രിഡ് ഓപ്ഷനു വേണ്ടിയുള്ള പരിശ്രമത്തിലാണ്. ചെറു കാറുകളായ ബലേനോ, ഫ്രോങ്‌സ്, സ്വിഫ്റ്റ് എന്നിവയിലേക്ക് അനുയോജ്യമായ ഹൈബ്രിഡിനാണ് മാരുതിയുടെ ശ്രമം. ഹ്യുണ്ടേയ്, ജെഎസ് ഡബ്ല്യു, എംജി മോട്ടോര്‍, സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ എന്നിവയും ഇന്ത്യയില്‍ കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ക്കായുള്ള ശ്രമം തുടരുന്നുണ്ട്.
ഹൈബ്രിഡുകള്‍ക്ക് സവിശേഷമായ ഡിമാന്‍ഡ് ഉണ്ടെങ്കിലും ഇലക്ട്രിക്ക് കാറുകളുടെ അത്ര ഇളവുകള്‍ ലഭിക്കുന്നില്ലെന്നത് തിരിച്ചടിയാണ്. ഇത് ഹൈബ്രിഡ് മോഡലുകളുടെ വിലയെ സ്വാധീനിക്കാറുണ്ട്. അതേസമയം ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ 100 ശതമാനം നികുതി ഇളവ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ കൂടി ഈ മാതൃക പിന്തുടര്‍ന്നാല്‍ കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ നമ്മുടെ നിരത്തിലെത്തുമെന്ന് ഉറപ്പിക്കാം.