യൂറോപ്പിലെ ഏറ്റവും ജനപ്രിയമായ തീം പാർക്കുകളിലൊന്നാണ് പാരീസിലെ ഡിസ്‌നി ലാൻഡ്. ഇത് പാരീസിൽ നിന്ന് 32 കിലോമീറ്റർ അകലെ ചെസിയിൽ ആണ് സ്ഥിതിചെയ്യുന്നത്. പ്രതിവർഷം 15 ദശലക്ഷം സന്ദർശകരാണ് ഇവിടെ എത്തുന്നത്, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തുള്ള ഏറ്റവും വലിയ ഡിസ്‌നി പാർക്ക് കൂടിയാണ്.
ഡിസ്നിലാൻഡ് പാർക്ക്, വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് പാർക്ക് എന്നിങ്ങനെ രണ്ട് തീം പാർക്കുകളാണ് ഇവിടെയുള്ളത്. ഏകദേശം 4,800 ഏക്കർ വിസ്തൃതിയുള്ള പാര്‍ക്കില്‍, ഇതുകൂടാതെ, റിസോർട്ട് ഹോട്ടലുകൾ, ഒരു ഷോപ്പിങ്, ഡൈനിങ്, എന്റർടെയ്ൻമെന്റ് കോംപ്ലക്സ്, ഒരു ഗോൾഫ് കോഴ്സ് എന്നിവയുമുണ്ട്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന തീം പാർക്കെന്ന ബഹുമതിയും ഡിസ്നിലാൻഡ് പാരീസിനാണ് ഉള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തുള്ള ഏറ്റവും വലിയ ഡിസ്നി പാര്‍ക്കും ഇതാണ്. ഡിസ്നി ഹോട്ടൽ സാന്താ ഫേ, ഡിസ്നി ഹോട്ടൽ ചീയെൻ, സെക്വോയ ലോഡ്ജ്, ന്യൂപോർട്ട് ബേ ക്ലബ്, ഹോട്ടൽ ന്യൂയോർക്ക് – ആർട്ട് ഓഫ് മാർവൽ, ദി ഡിസ്നിലാൻഡ് ഹോട്ടൽ, ഡേവി ക്രോക്കറ്റ് റാഞ്ച് എന്നിങ്ങനെ ഏഴു ഹോട്ടലുകള്‍ ഇവിടെയുണ്ട്. ഇറ്റ്സ് എ സ്മോൾ വേൾഡ്, സ്റ്റാർ വാർസ് ഹൈപ്പർസ്പേസ് മൗണ്ടൻ, ബിഗ് തണ്ടർ മൗണ്ടൻ , പൈറേറ്റ്സ് ഓഫ് കരീബിയൻ, ബസ് ലൈറ്റ്ഇയേഴ്സ് ലേസർ ബ്ലാസ്റ്റ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. തീം പാർക്കുകൾക്കും ഡിസ്നി വില്ലേജിനും ഇടയിലാണ് മാർനെ-ലാ-വല്ലി-ചെസി എന്ന വലിയ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും എളുപ്പത്തില്‍ ഡിസ്നിലാന്‍ഡിലെത്താം.
ഫ്രാൻസിന്റെ ആധുനിക മുഖമാണ് ഈഫൽ ടവർ. നിർമാണത്തിലെ അതിവൈദഗ്ധ്യം തന്നെയാണ് ഈഫൽ ടവറിന്റെ പ്രധാന സവിശേഷത. എന്നാൽ ഏതു തരക്കാരായ അതിഥികൾക്കും ഈ രാജ്യം ആഘോഷപൂർവമായ ദിനങ്ങൾ സമ്മാനിക്കും. മുത്തശ്ശിക്കഥകളെ അനുസ്‌മരിപ്പിക്കുന്ന ഗ്രാമങ്ങളും അത്യാധുനിക സൗകര്യങ്ങൾ ഒത്തുചേർന്ന കടൽക്കരകളിലെ താമസ സൗകര്യങ്ങളും മഞ്ഞുമൂടിയ മലനിരകളും കൊടുമുടികളും വെളിച്ചത്തിന്റെ നഗരമെന്നറിയപ്പെടുന്ന പാരിസുമെല്ലാം ഉൾപ്പെടുന്നതാണ് ഫ്രാൻസ് എന്ന സുന്ദര രാജ്യം.
30 മീറ്ററാണ് ഈഫൽ ടവറിന്റെ ഉയരം. പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ നിർമിതിയുടെ പണി പൂർത്തിയായപ്പോൾ ലോകത്തിലെ ഏറ്റവുമുയരമുള്ളത് എന്ന ഖ്യാതി ഈ ടവറിനു അവകാശപ്പെട്ടതായിരുന്നു. 1665 സ്റ്റെയറുകളും മൂന്നു പ്ലാറ്റ്‌ഫോമുകളും ഇതിലുണ്ട്. ഓരോ ദിവസവും രാത്രി 20,000 ലൈറ്റുകളാണ് ഇവിടെ തെളിയുന്നത്. പ്രകാശപൂരിതമായി നിൽക്കുന്ന ഈഫൽ ടവറിന്റെ കാഴ്ചകൾ വാക്കുകളിൽ വർണിക്കുന്നതിനുമപ്പുറം മനോഹരമാണ്. ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ ടിക്കറ്റ് എടുത്തു സന്ദർശിക്കുന്ന സ്മാരകം എന്ന ബഹുമതിയും ഈ നിർമിതിക്കു അവകാശപ്പെട്ടതാണ്.
ഈഫൽ ടവർ കഴിഞ്ഞാൽ പാരിസിൽ ഏറ്റവും സന്ദർശകരെത്തുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ ആർട് മ്യൂസിയങ്ങളിൽ ഒന്നാണ് ലൂവ്രെ മ്യൂസിയം. സെയ്ൻ നദിക്കരയോട് ചേർന്നാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച് ബറാക്ക് ശൈലിയിലാണിത് നിർമിച്ചിരിക്കുന്നത്. ലിയനാർഡോ ഡാവിഞ്ചിയുടെ വളരെ പ്രശസ്തമായ മൊണാലിസ എന്ന പെയിന്റിങ് അടക്കം ഏകദേശം 38,0000 കലാസൃഷ്ടികൾ ഈ മ്യൂസിയത്തിലെത്തിയാൽ കാണുവാൻ കഴിയും.
ഫ്രാൻസിലെ ഏറ്റവും പ്രശസ്തവും അതേസമയം തന്നെ എല്ലാവർക്കും തന്നെയും പ്രിയപ്പെട്ടതുമായ ഒരു തീം പാർക്കാണ് പുയ് ഡു ഫൗ. യഥാർഥ ആക്ഷൻ സിനിമകൾക്കു സമാനമായ ഇരുപതോളം ഷോ ഇവിടെ കാണുവാൻ കഴിയും. പ്രായഭേദമന്യേ ഓരോരുത്തർക്കും ആസ്വദിക്കാൻ കഴിയുമെന്നതു തന്നെയാണ് ഇവിടുത്തെ ഷോകളുടെ പ്രത്യേകത.
മേൽപറഞ്ഞ വിനോദങ്ങളിൽ നിന്നുമാറി ശുദ്ധവായുവും ഹരിതാഭയും ആസ്വദിക്കണമെന്നുള്ളവർക്കു ലക്സംബർഗ് ഉദ്യാനം സന്ദർശിക്കാവുന്നതാണ്. ഇവിടുത്തെ കാഴ്ചകളിൽ എടുത്തു പറയേണ്ടത് ഉദ്യാനത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന രാജകൊട്ടാരമാണ്. കുട്ടികൾക്കൊപ്പമാണ് യാത്രയെങ്കിൽ കൊട്ടാരത്തിനു മുമ്പിലുള്ള തടാകത്തിലൂടെ കുട്ടികൾക്കു ബോട്ട് സവാരി ചെയ്യാവുന്നതാണ്. ഉദ്യാനത്തിലൂടെ ചെറിയൊരു സവാരിക്കിറങ്ങിയാൽ ഏകദേശം നൂറിലധികം പ്രതിമകൾ കാണുവാനും കഴിയും.
ഫ്രാൻസിലെ കാഴ്ചകൾ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. സൂ പാർക് ഡി ബ്യൂവൽ, ഒർസെ മ്യൂസിയം, പാലസ് ഗാർണിയർ, ആർക്ക് ഡി ട്രയോംഫ് എന്നിങ്ങനെ നീളുന്നു ആ രാജ്യം അതിഥികൾക്കായി ഒരുക്കി വച്ചിരിക്കുന്ന കൗതുകങ്ങൾ.
















