Sports

ട്രംപിന് ജേഴ്സി സമ്മാനിച്ച് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന് തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി സമ്മാനിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ജേഴ്‌സിയിൽ ഫുട്ബോൾ താരത്തിന്റെ പ്രത്യേക സന്ദേശവും ഉണ്ടായിരുന്നു.

ഒപ്പിനൊപ്പം ”To President Donald J Trump, Playing for Peace” എന്ന സന്ദേശവും ജേഴ്സിയിൽ ഉണ്ടായിരുന്നു. കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി 7 ഉച്ചകോടിക്കിടെ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയാണ് റൊണാൾഡോയ്ക്ക് വേണ്ടി ജേഴ്സി കൈമാറിയത്. ട്രംപ് സമ്മാനം സ്വീകരിക്കുന്നതും റൊണാൾഡോയ്ക്ക് മറുപടി നൽകുന്നതും വീഡിയോയിലുണ്ട്.

51-ാമത് ജി-7 ഉച്ചകോടി ഇന്നലെ കാനഡയിലെ കനാനസ്‌കിസിലാണ് സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ജി7 നേതാക്കളും യൂറോപ്യൻ യൂണിയനും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കാനഡയിലെത്തിയിരുന്നു.