ഇവി വാങ്ങാൻ പറ്റിയ സമയം ഇതാണ് കാരണം, എം ജി യുടെ ഷോറൂമിൽ വമ്പൻ വില കിഴിവ് നടന്നുകൊണ്ടിരിക്കുകയാണ്. ജെ എസ് ഡബ്ള്യു എം ജി മോട്ടോർസ് തങ്ങളുടെ ZS EV ഇപ്പോൾ 4.44 ലക്ഷം രൂപ വരെ വില കുറച്ചാണ് വിൽക്കുന്നത്.
ആറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും വില കിഴിവിൽ ഉപഭോക്താക്കളിലേക്ക് വാഹനമെത്തിക്കുന്നത്. എം ജി യുടെ ഇന്ത്യയിലെ ആദ്യത്തെ വാഹനവും രണ്ടാമത്തെ പാസഞ്ചർ വാഹനവുമാണ് ZS EV.
ഉയർന്ന വേരിയന്റായ എസ്സെൻസിനാണ് ഏറ്റവുമധികം വിലക്കുറവ്. 4.44 ലക്ഷം രൂപ കുറവിൽ 20.49 ലക്ഷം രൂപയ്ക്ക് ഈ ടോപ് എൻഡ് ഇപ്പോൾ സ്വന്തമാക്കാം. നേരത്തെ ഈ വേരിയന്റിന് 24,93,800 രൂപയായിരുന്നു വില. ഇതിനു താഴെയുള്ള എക്സ്ക്ലൂസീവ് പ്ലസിന് 4.15 ലക്ഷം രൂപയാണ് കിഴിവ്. ഇതോടെ 23,64,800 രൂപയിൽ നിന്നും 19,49,800 ലക്ഷം രൂപയായി വില കുറഞ്ഞിട്ടുണ്ട്. എക്‌സൈറ്റ് പ്രൊ എന്ന വേരിയന്റിന് 48000 രൂപയുടെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ 18.97 ലക്ഷം രൂപയിൽ നിന്നും 18.49 ലക്ഷം രൂപയായി വില കുറഞ്ഞു. ഏറ്റവും താഴ്ന്ന വേരിയന്റായ എക്സിക്യൂട്ടീവിനും 13000 രൂപയുടെ കുറവുണ്ട്. ഇപ്പോൾ 16.75 ലക്ഷം രൂപ നൽകിയാൽ മതിയാകും.
50.3kWhന്റെ ബാറ്ററിയാണ് എംജി ZS EV യുടെ ഹൃദയം. ഈ ബാറ്ററി ഒറ്റ ചാർജില്‍ 461 കിലോമീറ്ററിന്റെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 174 ബിഎച്ച്പി പവറും 280 എൻഎം ടോർക്കും സമ്മാനിക്കുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറാണ് ZS EVക്ക് കരുത്ത് നൽകുന്നത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ 8.5 സെക്കന്റ് മാത്രമാണ് ആവശ്യം. സുരക്ഷയുടെ UL2580 അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റും ബാറ്ററിക്കുണ്ട്.
ആറ് എയര്‍ ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റർ (TPMS), ഹിൽഹോൾഡ്, ഹിൽഡിസന്റ് സംവിധാനങ്ങൾ വാഹനത്തിന്റെ സുരക്ഷ കൂട്ടുന്നു. വാഹനം പിന്നോട്ടെടുക്കുമ്പോള്‍ സഹായിക്കുന്ന റിയര്‍ ഡ്രൈവ് അസിസ്റ്റ്, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട് എന്നിവയും സുരക്ഷിത ഡ്രൈവിങ്ങിന് സഹായിക്കും. 10.11 ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങി നിരവധി ഫീച്ചറുകളും ZS EVയിലുണ്ട്.