പോഷക സമ്പുഷ്ടമായ ഭക്ഷ്യപദാർത്ഥമാണ് കൂവപ്പൊടി. ഇത് കഴിക്കുന്നത് ദഹനശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ കൂവപ്പൊടി മികച്ചതാണ്. പ്രമേഹ നിയന്ത്രിക്കൽ ഇത് ഉപയോഗിക്കുന്നു.
കൂവ കുറുക്കിയതും കൂവപ്പായസവും കഴിച്ചതിന്റെ ഓർമ നിങ്ങളിൽ പലർക്കും ഉണ്ടാകും. ഓരോ തിരുവാതിരക്കാലവും കൂവപ്പായസത്തിന്റെ രുചി ഓർമയിൽ എത്തിക്കുന്നു. കൂവയോ? എന്താണത് എന്ന മറു ചോദ്യം ചോദിക്കുന്നവരും ഇപ്പോൾ ഉണ്ടാകാം. ആരോറൂട്ട് (Arrowroot) എന്ന ഇംഗ്ലീഷ് പേര് അവർക്കൊക്കെ പരിചിതവും ആകും.
മുലപ്പാലിനോളം ഗുണങ്ങളുണ്ട് കൂവപ്പൊടിക്ക്. ദഹനപ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകാന്‍ കൂവപ്പൊടിക്ക് കഴിയും. ഏതു പ്രായക്കാർക്കും കഴിക്കാവുന്ന കൂവയുടെ ഗുണങ്ങളെപ്പറ്റി കൂടുതൽ അറിയാം.
കൂവ ദഹനത്തിനു സഹായിക്കുന്നു. ബവൽ മൂവ്മെന്റ് നിയന്ത്രിക്കുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രോം മൂലം വിഷമിക്കുന്നവർക്ക് കൂവ നല്ലതാണ്. അതിസാരത്തിനും (Diarrhea) ഉദരസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കൂവ ഒരു പരിഹാരമാണ്. ഓക്കാനം ഇല്ലാതാക്കാനും ഛർദ്ദി, അതിസാരം ഇവ മൂലം നഷ്ടപ്പെട്ട പോഷകങ്ങൾ ലഭിക്കാനും കൂവ സഹായിക്കും.
- ശരീരത്തിലെ ആസിഡ്– ആൽക്കലി ബാലൻസ് നിലനിർത്താൻ സഹായകം.
- മറ്റ് സ്റ്റാർച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ എളുപ്പത്തിൽ ദഹിക്കുന്ന കൂവപ്പൊടി, ശിശുക്കൾക്ക് വളരെ നല്ലതാണ്. കൂവ കുറുക്കി കുഞ്ഞുങ്ങൾക്ക് നൽകാം. എളുപ്പത്തിൽ ദഹിക്കും എന്നതുകൊണ്ടു തന്നെ മുലപ്പാലിനു പകരമായും കൂവ ഉപയോഗിക്കാം.
- ഗ്ലൂട്ടൻ, ചോളം മുതലായവയോട് അലർജി ഉള്ളവർക്ക് കൂവ പകരമായി ഉപയോഗിക്കാം.
- ഫോളേറ്റുകൾ ധാരാളം ഉള്ളതിനാൽ ഗർഭിണികൾക്ക് ഏറെ നല്ലതാണ്. 100 ഗ്രാം കൂവപ്പൊടിയിൽ ദിവസവും ആവശ്യമുള്ളതിന്റെ 84 ശതമാനം ഫോളേറ്റ് ഉണ്ട്. ഗർഭിണികൾ കൂവ കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
- ഹോർമോൺ സന്തുലനം നിലനിർത്താനും കൂവ സഹായിക്കും.
- കൂവപ്പൊടിയിൽ ഫാറ്റ് തീരെയില്ല. കൂടാതെ കാലറിയും കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പോഷകങ്ങൾ
കൂവപ്പൊടിയിൽ കാലറി വളരെ കുറവാണ്. 100 ഗ്രാമിൽ 65 കാലറി മാത്രമേ ഉള്ളൂ. അമിലോപെക്റ്റിൻ (80%), അമിലേസ് (20%) എന്നീ സ്റ്റാർച്ചുകളും കൂവയിൽ ഉണ്ട്. ജീവകം എ, ബി വൈറ്റമിനുകളായ തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ ഇവ കൂവയിൽ ഉണ്ട്. ജീവകം ബി 6, പാന്റോതെനിക് ആസിഡ്, ഫോളേറ്റ് ഇവയുമുണ്ട്. ധാതുക്കളായ കാൽസ്യം, മാംഗനീസ്, പൊട്ടാസ്യം ഇവ ധാരാളം. കൂടാതെ കോപ്പർ, അയൺ, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് ഇവയും ചെറിയ അളവിലുണ്ട്. പ്രോട്ടീൻ, അന്നജം, ഭക്ഷ്യനാരുകൾ എന്നിവയാൽ സമൃദ്ധം.