പോഷക സമ്പുഷ്ടമായ പഴമാണ് പപ്പായ. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ പഴത്തിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. ആരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും പപ്പായ മികച്ചതാണ്. പപ്പൈൻ എന്ന എൻസൈം അടങ്ങിയതിനാൽ ഇത് ദഹനം മെച്ചപ്പെടുത്തുന്നു.
സകലസീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, എന്നിവയാല്‍ സമ്പന്നമാണ്. വൈറ്റമിൻ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുള്ള പപ്പായ നാരുകളുടെയും ഒരു കലവറയാണ്.
പപ്പായയോടൊപ്പം പപ്പായ ഇലയും കുരുവും പല രാജ്യങ്ങളിലും ഭക്ഷ്യവസ്തുവായി ഉയോഗിക്കുന്നു. അമേരിക്കൻ നാടുകളിലാണ് ഉത്‌ഭവിച്ചതെങ്കിലും ഇന്ത്യയിലാണ് ഇപ്പോള്‍ പപ്പായ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്. പഴുത്തതും പച്ചയും ആയ പപ്പായ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. രണ്ടിനും അതിന്റേതായ ആരോഗ്യഗുണങ്ങള്‍ ഉണ്ട്.
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പപ്പായയിൽ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും. വൈറ്റമിന്‍ സി മാത്രമല്ല എയും ധാരാളം ഉള്ളതാണ് പപ്പായ. ഇത് ചർമത്തിനു വളരെ നല്ലതാണ്.
പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമം. പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്ളൈസമിക് ഇൻഡക്സ് നില മധ്യമമായിരിക്കും. അതിനാൽ, പ്രമേഹ രോഗികൾക്കു പോലും നിയന്ത്രിത അളവിൽ പപ്പായ കഴിക്കുന്നത് അനുവദനീയമാണ്.
പപ്പായയിലെ പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. പൊട്ടാസ്യം സ്ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കും.
പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപെയിൻ, കൈമോപാപെയിൻ തുടങ്ങിയ എൻസൈമുകൾ ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കും.
ബീറ്റ-കരോട്ടിൻ വായ, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ തടയാൻ സഹായിക്കും. സിയാക്സാന്തിൻ, ക്രിപ്റ്റോക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയവ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. ഇപ്പോള്‍ മനസ്സിലായില്ലേ പപ്പായ ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങള്‍ .