തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ഏകദേശം 3.44 ലക്ഷം വിദ്യാർഥികളാണ് ക്ലാസുകളിലേക്ക് എത്തുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ ഒമ്പതിന് തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്‌ച പ്രസിദ്ധീകരിച്ചിരുന്നു. ചൊവ്വ വൈകിട്ട് അഞ്ചുവരെ പ്രവേശനം നടന്നു.
സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി 4,688 സീറ്റുകളൊഴിവുണ്ട്. മൂന്നാം അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ചപ്പോൾ 57,572 പേർക്ക് ഉയർന്ന ഓപ്ഷൻ ലഭിച്ചെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. സ്പോർട്സ് ക്വാട്ടയിൽ ഇനി 2,889 സീറ്റുകളും മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ 359 സീറ്റുകളും ബാക്കിയുണ്ട്. പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവും മറ്റ് വിശദാംശങ്ങളും 28ന് പ്രസിദ്ധീകരിക്കും.