മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചരണമാണ്. നാളെ നിലമ്പൂരിലെ വോട്ടർമാർ വിധിയെഴുതും. എന്താണ് നിലമ്പൂരില ജനം ഉള്ളിൽ കൽപിച്ചുവെച്ചിരിക്കുന്നതെന്ന് 23-ന് അറിയാം. നിലമ്പൂർ അങ്ങാടിയിലായിരുന്നു കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ട പ്രചരണത്തിന് ഇതോടെ സമാപനമായി. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ റോഡ്ഷോ ആയാണ് നിലമ്പൂർ അങ്ങാടിയിലേക്ക് എത്തിയത്.
നിശബ്ദ പ്രചാരണ ദിനത്തിൽ സ്ഥാനാർത്ഥികൾ അവസാന വോട്ട് ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തകർ വോട്ടർമാരെ എത്തിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. വോട്ടിംഗ് യന്ത്രസാമഗ്രികളും ഇന്ന് വിതരണം ചെയ്യും. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്യുക. തെരഞ്ഞെടുപ്പിനെ തുടർന്ന് മണ്ഡലത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.