പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് കോന്നി മെഡിക്കൽ കോളേജിൽ നടക്കും. കുഞ്ഞിന്‍റെ മരണത്തിൽ കൊലപാതക സാധ്യതയാണ് പൊലീസ് കാണുന്നത്.
വീട്ടിൽ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കരച്ചിൽ കേൾക്കാതിരിക്കാൻ കുഞ്ഞിന്‍റെ വായ പൊത്തിപിടിച്ചെന്നും വായ പൊത്തിപ്പിടിച്ചപ്പോഴാണ് കുഞ്ഞു മരിച്ചതെന്നും യുവതിയുടെ മൊഴി. ശേഷം കുഞ്ഞിനെ ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീടിന്‍റെ പറമ്പിൽ തള്ളിയെന്നും യുവതി മൊഴി നൽകിയിരുന്നു. കുഞ്ഞ് കരഞ്ഞപ്പോഴാണ് വായ പൊത്തിപ്പിടിച്ചത്. കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും മൊഴി നൽകി.
പോസ്റ്റുമോർട്ടത്തിനുശേഷം ഡോക്ടർമാർ നൽകുന്ന വിവരം അനുസരിച്ചാകും പൊലീസ് എഫ്ഐആറിൽ മാറ്റംവരുത്തുക. യുവതിയുടെ ബന്ധുക്കളെയും കാമുകനെയും വിശദമായി ചോദ്യം ചെയ്യും.