നിലമ്പൂര്‍ നാളെ പോളിംഗ് ബൂത്തിലേക്ക് എത്താനിരികികെ കത്തികയറി രാഷ്ട്രീയ വിഷയങ്ങൾ. കോൺഗ്രസിന്റെ ജമാഅത്ത് ഇസ്ലാമി ബന്ധവും സിപിഎമ്മിന്റെ അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ തുറന്നുപറച്ചിലുമാണ് അവസാന ലാപ്പിൽ പ്രധാന ചർച്ചയാകുന്നത്. ഇപ്പോഴിതാ പാർട്ടി സെക്രട്ടറിയെ തിരുത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരിലെ സ്ഥാനാർഥിയുമായ എം സ്വരാജ്. ഇടതുപക്ഷം അന്ന് ജനത പാര്‍ട്ടിയുമായാണ് സഹകരിച്ചതെന്നും ജനത പാര്‍ട്ടിക്ക് അന്ന് വര്‍ഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ് പ്രതികരിച്ചു.
‘ആര്‍എസ്എസുമായല്ല ജനതാ പാര്‍ട്ടിയുമായാണ് അന്ന് ഇടതു പക്ഷം സഹകരിച്ചത്. പിന്നീട് ആര്‍എസ്എസ് ജനത പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കുന്നു എന്ന വിമര്‍ശനം ഉണ്ടായി. 1984 ലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നിയന്ത്രണത്തില്‍ ഉള്ള ജനതാ പാര്‍ട്ടിയുടെ വോട്ട് സ്വീകരിക്കുമെന്ന് വന്നപ്പോള്‍ പലയിടങ്ങളില്‍ നിന്നും ചോദ്യമുയര്‍ന്നിരുന്നു. അന്ന് ഇഎംഎസാണ് ആര്‍എസ്എസ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചത്. ആ ഉപതിരഞ്ഞെടുപ്പില്‍ നാലിടത്തും ഇടതുപക്ഷം ജയിച്ചു. പിന്നീട് ആര്‍എസ്എസ് പിടിമുറുക്കിയ ജനതാ പാര്‍ട്ടിയുമായി സഹകരിച്ചത് കോണ്‍ഗ്രസാണ്. ഓ രാജഗോപാല്‍ കാസര്‍ക്കോട് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചു. ഇഎംഎസ് ഗവണ്‍മെന്റിനെ പുറത്താക്കാനുള്ള സമരത്തിലും അന്ന് ആര്‍എസ്എസ് പിന്തുണ നല്‍കി. പട്ടാമ്പിയില്‍ ഇഎംഎസ്സിനെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഇതെല്ലാം ചരിത്രമാണ്. അത് ആര്‍ക്കും ഖണ്ഡിക്കാനാവില്ല.’ എം സ്വരാജ് വിശദീകരിച്ചു.
അതേ സമയം, താന്‍ എംവി ഗോവിന്ദന്റെ ഇന്റര്‍വ്യു കണ്ടിട്ടില്ലായെന്നും ഏതെങ്കിലും ഒരു വര്‍ഗീയവാദിയുടെ വോട്ടിനുവേണ്ടി അഴകുഴമ്പന്‍ നിലപാട് സ്വീകരിക്കുന്നവര്‍ അല്ല എല്‍ഡിഎഫ് എന്നും അങ്ങനെ വന്നാല്‍ ഇടതുപക്ഷം അല്ലാതെ ആകുമെന്നും എം സ്വരാജ് കൂട്ടിചേര്‍ത്തു.
ഇടതുപക്ഷം അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം. നിലമ്പൂരില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതില്‍ വിമര്‍ശനം ഉയര്‍ത്തി സംസാരിക്കുന്നതിനിടിയിലായിരുന്നു പരാമര്‍ശം. അടിയന്തരാവസ്ഥ സമയത്ത് ഫാസിസത്തിന്റെ അവസാനത്തിനായുള്ള പോരാട്ടത്തില്‍ ആര്‍എസ്എസുമായി യോജിച്ചിരുന്നുവെന്നായിരുന്നു പരാമര്‍ശം. ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷവുമായി ഒരിക്കലും ചേര്‍ന്നിട്ടില്ലായെന്നും പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയെയും സമത്വവത്കരിക്കുന്ന ഇക്ക്വേഷനുമായി ഒരിക്കലും യോജിക്കാനാകില്ലായെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
content highlight: Nilambur byelection