ഒരു ബിരിയാണി വെച്ചാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ബീഫ് ബിരിയാണി. ആർക്കും എളുപ്പത്തിൽ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കഴുകി വൃത്തിയാക്കിയ ബീഫ് – അര കിലോ
- പച്ചമുളക് -5 എണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി – 3 അല്ലി
- (പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഒന്നു ചതച്ചു വെക്കണം)
- ഉപ്പ് -അര ടീസ്പൂൺ
- മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- ഗരം മസാല -1/2 ടീസ്പൂൺ
- കാശ്മീരി മുളക് പൊടി -1 ടീസ്പൂൺ
- മല്ലി പൊടി -3/4 ടീസ്പൂൺ
- നാരങ്ങാ നീര് – ഒരു നാരങ്ങയുടെ
- തൈര് – 1ടേബിൾ സ്പൂൺ
- തക്കാളി-1
തയ്യാറാക്കുന്ന വിധം
ബീഫിൽ മേൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്തു ഇളക്കി മിനിമം ഒരു മണിക്കൂർ ഫ്രിഡ്ജില്‍ ഒന്നു വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞു മാരിനേറ്റ് ചെയ്ത ബീഫ് ഒരു കുക്കറിൽ ഇട്ടു അതിലേക്കു ഒരു തക്കാളിയും കുറച്ചു വെള്ളവും ഒഴിച്ചു, നാല് വിസില്‍ വരുന്നത് വരെ വേവിക്കുക.
രണ്ടാമത് ആവശ്യമായ ചേരുവകള്‍
- സവാള – 4 എണ്ണം നല്ല കട്ടികുറച്ചു അരിഞ്ഞ് വെക്കുക
- ക്യാരറ്റ് -1/2 മുറി
- മല്ലിയില- ആവശ്യത്തിന്
- പുതിനായില- ആവശ്യത്തിന്
- പച്ചമുളക്-6 എണ്ണം
- ബസ്മതി റൈസ് -3 ഗ്ലാസ്
- അണ്ടിപരിപ്പ് – ആവശ്യത്തിന്
- ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്കു കുറച്ചു നെയ്യ് ഇട്ടു കൊടുക്കുക. ശേഷം അണ്ടിപരിപ്പ് വറുത്തു മാറ്റി വെക്കുക. ഇനി കുറച്ചു എണ്ണ ഒഴിച്ചു ചൂടായി കഴിയുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന സവാള വറുത്തു എടുക്കുക. ഇനി ബാക്കി വന്ന എണ്ണയിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക, ബേ ലീഫ് എന്നിവയിട്ട്, അരിഞ്ഞു വെച്ചിരിക്കുന്ന ക്യാരറ്റ്, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത് ഒന്നു വാടി കഴിയുമ്പോൾ 1 ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം കണക്കാക്കി തിളപ്പിച്ച് ഇതിലേക്ക് ഒഴിക്കുക. ശേഷം ആവശ്യത്തിന് ഉപ്പ്, ഒരു നാരങ്ങയുടെ നീര് എന്നിവ ഒഴിച്ച് കഴുകി വെച്ചിരിക്കുന്ന അരി കൂടിയിട്ട് വറ്റിച്ചെടുക്കുക.
ഈ സമയം വേവിച്ച ബീഫ് ഒന്നു കുക്കർ തുറന്നു വെള്ളം കുറച്ചു ഉണ്ടെകിൽ വറ്റിച്ചെടുക്കുക. ഇനി അതിലേക്കു കുറച്ചു വറുത്ത ഉള്ളിയും മല്ലിയിലയും പുതിന ഇലയും ഇട്ടു ഒന്നു വറ്റിച്ചെടുക്കുക.ഈ സമയം ചോറും വെന്തു കിട്ടിയിട്ടുണ്ടാകും. ഇനി പകുതി ചോറ് എടുത്തു മാറ്റി ചോറിലേക്ക് വറുത്ത ഉള്ളി, പുതിന ഇല, മല്ലിയില, കശുവണ്ടി, ബീഫ് എന്നിവ ചേർത്തു ലയർ ആയി സെറ്റ് ചെയ്യുക. ഒരു 15 മിനിറ്റ് ചെറിയ തീയിൽ ഒന്നു ദമ്മിട്ടാൽ നല്ല അടിപൊളി ബീഫ് ബിരിയാണി റെഡി.