India

രാജ്യത്ത് തൊഴില്ലില്ലായ്മ നിരക്ക് വീണ്ടും ഉയരങ്ങളിൽ; പുതിയ കണക്കുകൾ പ്രകാരം നിരക്ക് 5.6 ശതമാനമായി ഉയര്‍ന്നു; വിദേശ കുടിയേറ്റം വർധിക്കുമ്പോഴും മൗനം തുടർന്ന് സർക്കാരുകൾ | Unemployment

പീരിയോഡിക്ക് ലേബര്‍ ഫോഴ്‌സ് സര്‍വേയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്

രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തൊഴില്ലില്ലായ്മ. അതുകൊണ്ട് തന്നെ രാജ്യത്തെ ചെറുപ്പക്കാർ മറ്റിടങ്ങളിലേക്ക് ആദ്യം തൊഴിലിനായും പിന്നാലെ സ്ഥിരതാമസമായും കുടിയേറുകയാണ്. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിലൊക്കെ അവസരങ്ങൾ വർധിപ്പിച്ചെന്ന് ഭരണകർത്താക്കൾ അവകാശപ്പെടുമ്പോഴും സ്ഥിതി സമാനമാണെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 5.1 ശതമാനത്തില്‍ നിന്നും മെയില്‍ 5.6 ശതമാനത്തിലെത്തിയതായാണ് സ്ഥിരീകരണം. പീരിയോഡിക്ക് ലേബര്‍ ഫോഴ്‌സ് സര്‍വേയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. റൂറല്‍, അര്‍ബര്‍ പ്രദേശങ്ങളിലെ ജോലി തേടുന്ന യുവതീ യുവാക്കള്‍ക്ക് വെല്ലുവിളി ഉയരുന്നുവെന്നതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പലവിധ കാരണങ്ങളാല്‍ തൊഴിലില്ലായ്മ ഉയര്‍ന്നുവരുന്നതായി മിനിസ്ട്രി ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷനും വ്യക്തമാക്കുന്നുണ്ട്.

റൂറല്‍ പ്രദേശങ്ങളില്‍ തൊഴിലില്ലായ്മ ശക്തമായി തന്നെ ഉയര്‍ന്നിട്ടുണ്ട്. 15നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ തൊഴിലില്ലായ്മ ഏപ്രില്‍ മാസത്തിലെ 12.3%ത്തില്‍ നിന്നും 13.7 ശതമാനമായി ഉയര്‍ന്നു. അര്‍ബന്‍ മേഖലയില്‍ 17.2 ശതമാനത്തില്‍ നിന്നും 17.9 ശതമാനമായാണ് തൊഴിലില്ലായ്മ ഉയര്‍ന്നത്. മൊത്തത്തില്‍ റൂറല്‍ മേഖലയിലെ തൊഴിലില്ലായ്മ 5.4 ശതമാനവും അര്‍ബന്‍ മേഖലയില്‍ 5.9 ശതമാനവുമാണ്

പ്രൈമറി സെക്ടര്‍ എംപ്ലോയ്‌മെന്റ് ഏപ്രിലിലെ 45.9 ശതമാനത്തില്‍ നിന്നും 43.5 ശതമാനമായി കുറയുകയാണ് മെയില്‍ സംഭവിച്ചത്. അതേസമയം വര്‍ക്കര്‍ പോപ്പുലേഷന്‍ അനുപാതം പരിശോധിച്ചാല്‍ ജോലി ചെയ്യുന്ന വ്യക്തികളുടെ പോപ്പുലേഷനില്‍ മെയില്‍ കുറവ് സംഭവിച്ചിട്ടുള്ളത് വ്യക്തമാണ്. ഏപ്രിലില്‍ 52.8 ശതമാനമായിരുന്ന ഈ അനുപാതം, മെയില്‍ 51.7 ശതമാനമായാണ് കുറഞ്ഞത്. റൂറല്‍ പ്രദേശങ്ങളില്‍ ഇത്, 54.1 ശതമാനവും അര്‍ബന്‍ പ്രദേശങ്ങളില്‍ 46.9 ശതമാനവുമാണ്.

content highlight: Unemployment