തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തു സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മാരത്തൺ എന്ന ഖ്യാതി സ്വന്തമാക്കിയിട്ടുള്ള യു എസ് ടി ട്രിവാൻഡ്രം മാരത്തൺ, അതിന്റെ രണ്ടാം പതിപ്പുമായി തിരിച്ചെത്തുന്നു. ഒക്ടോബർ 12 നാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 നടക്കുക.
പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കമ്പനിയായ യു എസ് ടി, എൻഇബി സ്‌പോർട്‌സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തണിന്റെ രണ്ടാം പതിപ്പ് കമ്പനിയുടെ തിരുവനന്തപുരം കാമ്പസിൽ നിന്നാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം നടന്നതിനു സമാനമായി ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കെ റൺ, 5 കെ ഫൺ റൺ എന്നിങ്ങനെ നാല് വ്യത്യസ്ത ഇനങ്ങൾ മാരത്തണിൽ ഉൾപ്പെടും.
യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ന്റെ വ്യത്യസ്ത വിഭാഗങ്ങളിലായി 10,000 ൽ അധികം പേർ പങ്കെടുക്കും. മാരത്തണിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് bit.ly/3ZnARUv
രണ്ടാം പതിപ്പിന്റെ പ്രധാന ഓട്ടങ്ങൾക്ക് റണ്ണർമാർ സജ്ജരാകുന്നതിന് മുമ്പ് മൂന്ന് പരിശീലന ഓട്ടങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ജൂൺ 22 ഞായറാഴ്ച തിരുവനന്തപുരം യു എസ് ടി. കാമ്പസിൽ ആദ്യ പരിശീലന ഓട്ടം നടക്കും. തുടർന്നുള്ള പരിശീലന ഓട്ടങ്ങൾ പ്രധാന റേസ് ദിനത്തിനായി നന്നായി തയ്യാറെടുക്കാൻ സഹായിക്കുന്ന പരിപാടികളായി ഷെഡ്യൂൾ ചെയ്യും. പരിശീലന ഓട്ടങ്ങളിൽ പങ്കെടുക്കുന്നവർക്ക് ടി-ഷർട്ടുകൾ, റൂട്ട് സപ്പോർട്ട്, പ്രഭാത ഭക്ഷണം എന്നിവ സജ്ജമാക്കും.
“തുടർച്ചയായ രണ്ടാം വർഷവും തിരുവനന്തപുരത്തെ ഏറ്റവും വലിയ മാരത്തൺ നടത്തുന്നതിൽ യു എസ് ടിയ്ക്ക് അതിയായ സന്തോഷമുണ്ട്. ജീവിത പരിവർത്തനം സാധ്യമാക്കുക എന്ന ഞങ്ങളുടെ ദൗത്യവുമായി ചേർന്നു നിൽക്കുന്ന ഈ മാരത്തൺ സമൂഹത്തിന്റെ ക്ഷേമവും ആരോഗ്യവും ഉയർത്തിപ്പിടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വിപുലമായ രീതിയിൽ നടക്കുന്ന പരിശീലന ഓട്ടങ്ങൾ, പിന്തുണ, വിദഗ്ദ്ധോപദേശം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഈ വർഷത്തെ മാരത്തൺ ആദ്യ പതിപ്പിനേക്കാൾ ബൃഹത്താകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. 10,000-ത്തിലധികം ഓട്ടക്കാർ പങ്കെടുക്കുന്നതിനാൽ, യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ഒരു അവിസ്മരണീയ സംരംഭമാകുമെന്ന് ഉറപ്പുണ്ട്,” യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്സാണ്ടർ വർഗീസ് പറഞ്ഞു.
“യു എസ് ടി ട്രിവാൻഡ്രം മാരത്തണിന്റെ ആദ്യ പതിപ്പിലെന്നപോലെ, ഈ വർഷത്തെ മാരത്തണിനായി കമ്പനിയുമായി കൈകോർക്കാൻ കഴിയുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. പരിശീലന ഓട്ടങ്ങൾക്കും പ്രധാന ഇവന്റിനുമുള്ള തീയതി നിശ്ചയിച്ചു കഴിഞ്ഞു എന്നതിനാൽ, രാജ്യത്തുടനീളമുള്ള പരമാവധി ഓട്ടക്കാർക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” എൻഇബി സ്പോർട്സിന്റെ സിഎംഡി നാഗരാജ് അഡിഗ കൂട്ടിച്ചേർത്തു.
















