അടിമുടി വമ്പൻ മാറ്റവുമായി മഹീന്ദ്രയുടെ ബൊലേറോ. ബൊലേറോ പുതിയ രൂപത്തിൽ വിപണിയിലെത്താൻ ഒരുങ്ങുകയാണ്. മഹീന്ദ്രയുടെ വാഹനനിരയിൽ ഏറ്റവും കരുത്തുറ്റ എസ്.യു.വിയാണ് ബൊലേറോ. വിറ്റാര, കിയ സോനറ്റ്, ഹ്യുണ്ടേയ് വെന്യു, എര്‍ട്ടിഗ, ടാറ്റ നെക്‌സോണ്‍, ബ്രസ എന്നീ മോഡലുകളുമായാണ് ഇന്ത്യന്‍ വിപണിയില്‍ ബൊലേറോയുടെ മത്സരം.
ഒരു തലമുറമാറ്റം ഏറെക്കാലമായി പ്രതീക്ഷിക്കുന്ന മഹീന്ദ്രയുടെ മോഡലാണ് ബൊലേറോ. ഇപ്പോഴാണ് മഹീന്ദ്ര അക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോമിലെത്തുന്ന പുതുതലമുറ മഹീന്ദ്ര ബൊലേറോ നാല് മീറ്ററിനുള്ളില്‍ നീളമുള്ള എസ്‌യുവിയായി തുടരും. ടെസ്റ്റ് റണ്‍ നടത്തുന്ന പുതിയ ബലേറോയുടെ ചിത്രങ്ങളും അതിനൊപ്പം വാഹനത്തിന്റെ സവിശേഷതകളും ഇപ്പോള്‍ പുറത്തായിട്ടുണ്ട്.
രൂപത്തിലെ പ്രധാനമാറ്റം സ്‌ട്രൈറ്റ് റൂഫ് ലൈനും ക്ലീന്‍ വിന്‍ഡോ ഡിസൈനുമാണ്. ആകെ മൊത്തം രൂപം ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110നെ ഓര്‍മിപ്പിക്കുന്നുണ്ട്. സ്‌ക്വയേഡ് വീല്‍ ആര്‍ച്ചുകള്‍, ഫ്‌ളഷ് ഡോര്‍ ഹാന്‍ഡില്‍, അപ് റൈറ്റ് പില്ലറുകള്‍ എന്നിവ പുതിയ ബൊലേറോയുടെ കാഴ്ച്ചയിലെ കരുത്തു കൂട്ടുന്നുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റുകളും കുത്തനെയുള്ള ഗ്രില്ലും ഈ റഫ് ലുക്കിനെ സഹായിക്കുന്നു.
പുതിയ റിയര്‍ സസ്‌പെന്‍ഷനാണ് മറ്റൊരു സവിശേഷത. നേരത്തെ സോളിഡ് റിയര്‍ ആക്‌സിലാണ് ഉണ്ടായിരുന്നത്. ഈയൊരു ഫീച്ചര്‍ പിന്‍ ചക്രങ്ങളെ സ്വതന്ത്രമായി നീങ്ങാന്‍ സഹായിക്കുന്നുണ്ട്. ഇത് കൂടുതല്‍ മികച്ച രീതിയില്‍ വാഹനം കൈകാര്യം ചെയ്യാന്‍ സഹായിക്കുകയും യാത്രാ സുഖം നല്‍കുകയും ചെയ്യും.
മോണോകോക്ക് പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ മഹീന്ദ്ര ബൊലേറോ എത്തുക. ഫ്രണ്ട് വീല്‍ ഡ്രൈവ് സൗകര്യത്തോടെയാവും വരവ്. നേരത്തെ ലാഡര്‍ ഫ്രെയിമില്‍ റിയര്‍ വീല്‍ ഡ്രൈവ് സൗകര്യമാണ് ബൊലേറോക്ക് ഉണ്ടായിരുന്നത്. ഈയൊരു മാറ്റം പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനും ഭാരം കുറക്കാനും ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും.
1.5 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനായിരിക്കും ബൊലേറോയുടെ കരുത്ത്. 98.64എച്ച്പി കരുത്തും പരമാവധി 260എന്‍എം ടോര്‍ക്കും പുറത്തെടുക്കും. മാനുവല്‍/ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകള്‍. ഇന്റീരിയര്‍ അടിസ്ഥാന ഫീച്ചറുകളുമായി എത്താനാണ് സാധ്യത. 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ലൈറ്റ്, ലൈന്‍ കീപ്പ് അസിസ്റ്റും അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോളും പോലുള്ള ആധുനിക സുരക്ഷാ സൗകര്യങ്ങള്‍ എന്നിവയും പുതിയ ബലേറോയില്‍ പ്രതീക്ഷിക്കാം.