വിൽപനയിൽ ഒരു ലക്ഷം യൂണിറ്റെന്ന കടമ്പ കടന്ന് ജിമ്‌നി. വില്‍പനയുടെ കണക്കുകളില്‍ എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാള്‍ ഏറെ പിന്നിലാണ് ജിമ്‌നി. മൂന്നു ഡോര്‍ ഥാറും ഥാര്‍ റോക്‌സും ചേര്‍ന്ന് 2.50 ലക്ഷത്തിലേറെ യൂണിറ്റുകളുടെ വില്‍പനയാണ് നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി മാരുതി സുസുക്കി ജിമ്‌നി അവതരിപ്പിക്കുന്നത് 2023 ജൂണിലാണ്.
ഓഫ് റോഡ് മികവുള്ള 5 ഡോര്‍ എസ്‌യുവിയായ ജിമ്‌നിയുടെ വില്‍പന ഒരു ലക്ഷം യൂണിറ്റുകള്‍ എന്ന കടമ്പ കടന്നിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1,02,024 ജിമ്‌നികള്‍ വിറ്റുവെന്നാണ് കണക്ക്. 2025 ഏപ്രില്‍ വരെയുള്ള കണക്കെടുത്താല്‍ ഇന്ത്യന്‍ വിപണിയില്‍ 26,180 യൂണിറ്റുകള്‍ വിറ്റുപോയപ്പോള്‍ വിദേശത്ത് 75,844 യൂണിറ്റുകള്‍ വിറ്റിട്ടുണ്ട്. ഇത് വിദേശ വിപണികളില്‍ ജിമ്‌നിക്കുള്ള സ്വീകാര്യതയ്ക്കുള്ള തെളിവു കൂടിയാണ്.
2020 ഒക്ടോബര്‍ മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്കെടുത്താല്‍ കൃത്യം 2,59,921 ഥാറുകള്‍ മഹീന്ദ്ര വിറ്റു. എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും താരതമ്യേന കുറഞ്ഞ കാലത്തിലാണ് ജിമ്‌നി നേട്ടം സ്വന്തമാക്കിയതെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഥാറിനാവട്ടെ അടിമുടി മാറ്റങ്ങളുമായി ഫാമിലി ഓഫ് റോഡറായെത്തിയ ഥാര്‍ റോക്‌സിന്റെ വരവും വില്‍പനയെ വര്‍ധിപ്പിച്ചിട്ടുണ്ട്.
മാരുതി സുസുക്കി ജിമ്‌നിയുടെ 3 ഡോര്‍ വകഭേദത്തിന് രാജ്യാന്തര വിപണിയില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ തുടര്‍ച്ചക്കായി 5 ഡോര്‍ ജിമ്‌നിയെ ഇന്ത്യയില്‍ കമ്പനി അവതരിപ്പിക്കുകയും ചെയ്തു. 4×4 ഡ്രൈവിങും ബോഡി ഓണ്‍ ഫ്രെയിം ഡിസൈനും ഓഫ് റോഡിങ് മികവുമെല്ലാം ജിമ്‌നിയെ സഹായിക്കുന്നുണ്ട്. മാരുതി സുസുക്കിയുടെ നെക്‌സ ഷോറൂമുകള്‍ വഴിയാണ് ജിമ്‌നി വില്‍ക്കുന്നത്. ഇന്ത്യയില്‍ 12.75 ലക്ഷം രൂപ(എക്‌സ് ഷോറൂം)യാണ് വില. ഗുഡ്ഗാവിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന ജിമ്‌നിയാണ് രാജ്യാന്തര വിപണികളിലേക്ക് കയറ്റി അയക്കുന്നതും.
1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ 105എച്ച്പി കരുത്തും 134എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍. ഇന്ധനക്ഷമത 16.94 കിലോമീറ്റര്‍. ഓട്ടമാറ്റിക്കിന് ലിറ്ററിന് 16.39 കിലോമീറ്റര്‍.
എതിരാളിയായ ഥാറിന്റെ വില 11.50 ലക്ഷം രൂപ(എക്‌സ് ഷോറൂം) മുതലാണ്. ഥാര്‍ റോക്‌സിലേക്കു വന്നാല്‍ വില 12.99 ലക്ഷം രൂപയിലേക്കെത്തും. രണ്ട് എസ്‌യുവികള്‍ക്കും മഹീന്ദ്ര 4×4 പവര്‍ട്രെയിനും പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളും നല്‍കുന്നുണ്ട്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായി മാനുവലും ഓട്ടമാറ്റിക്കുമുണ്ട്.