സിപിഎം മൂടിവെയ്ക്കാൻ ശ്രമിച്ച സത്യമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. എം വി ഗോവിന്ദൻ അറിയാതെ സത്യം പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനെ എതിർക്കാൻ സിപിഎം ആർഎസ്എസുമായി രഹസ്യവും പരസ്യവുമായ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസിന്‍റെ പ്രധാനമന്ത്രിമാരെയും നേതാക്കളെയും പലഘട്ടത്തിലും ആർഎസ്എസിനെ കൂട്ടുപിടിച്ച് സിപിഎം എതിർത്തിട്ടുണ്ട്. അന്ധമായ കോൺഗ്രസ് വിരോധത്തെ വിജയത്തിലേക്ക് എത്തിക്കാനായി ആർഎസ്എസുമായും ബിജെപിയുമായും പരസ്യമായ രാഷ്ട്രീയ ബന്ധമുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽപ്പോലും ഇവർ ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. ഇഎംഎസ് ഉൾപ്പെടെയുള്ള മുൻകാല നേതാക്കൾ എൽ കെ അദ്വാനിയുടെയും വാജ്പേയിയുടെയും കൂടെ അത്താഴവിരുന്നുകളിലും വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സ്വരാജ് ഇതിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് സ്ഥാനാർത്ഥി ആയതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.