ജമ്മു കശ്മീരിൽ നിന്ന് സന്തോഷവാർത്ത!. ഭീകരാക്രമണത്തിന് ശേഷം വീണ്ടും പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. ടൂറിസം മേഖലയിലെ 48 ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 16 എണ്ണം വീണ്ടും തുറന്ന് സാധാരണ നില പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണ്.
വിനോദസഞ്ചാര മേഖലകൾ വീണ്ടും തുറന്നതോടെ പഹൽഗാമിലേക്ക് സഞ്ചാരികൾ ഒഴുകി തുടങ്ങി. ഏപ്രിൽ മാസത്തിൽ ആയിരുന്നു തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു പ്രദേശവാസി ഉൾപ്പെടെ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടത്. തീവ്രവാദ ആക്രമണത്തെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ കഴിഞ്ഞദിവസം വാരാന്ത്യത്തിൽ പ്രദേശത്ത് വിനോദസഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ജമ്മു കശ്മീരിലെ 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ശനിയാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിൽ തന്നെ എട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളും പാർക്കുകളും ജമ്മുവിലും എട്ടെണ്ണം ശ്രീനഗറിലുമാണ്. ഏതായാലും ഏതൊക്കെ തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാലും ജമ്മു കശ്മീരിനെ വിനോദസഞ്ചാരികൾ തങ്ങളുടെ ഹൃദയത്തിനോട് ചേർത്തു വയ്ക്കുന്നു എന്നതിന്റെ തെളിവാണ് വിനോദസഞ്ചാരികളുടെ ഈ ഒഴുക്ക്.
അമർനാഥ് തീർഥാടനം
അതേസമയം, ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർഥാടനം ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. പഹൽഗാം ആണ് ഒരു അമർനാഥ് യാത്രയുടെ ബേസ് ക്യാംപ്. ജൂലൈ മൂന്നിന് അമർനാഥ് തീർഥാടനം ആരംഭിക്കാൻ പോകുകയാണ്. 38 ദിവസത്തെ അമർനാഥ് യാത്രയുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ആയിരിക്കും ഇത്തവണത്തേത് എന്നാണ് റിപ്പോർട്ടുകൾ.
തീർഥാടനത്തിന് എത്തുന്നത് 3,60,000 പേർ
ഇത്തവണ അമർനാഥ് തീർഥാടനത്തിനായി ഏകദേശം 3,60,000 പേർ റജിസ്റ്റ്ർ ചെയ്തതായാണ് റിപ്പോർട്ടുകൾ. തീർഥാടനത്തിനായി എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സി ആർപിഎഫ്, എസ്എസ്ബി, ഐ ടി ബി പി, ബി എസ് എഫ് എന്നിവ ഉൾപ്പെടെ 581 കമ്പനി പാരാമിലിറ്ററി ഫോഴ്സിനെ വിന്യസിക്കും. ജമ്മു കശ്മീർ പൊലീസിന്റെയും ആർമിയുടെയും പതിവ് സാന്നിധ്യം ഒഴിവാക്കിയാണ് ഇത്. ഓരോ പാരാമിലിറ്ററി കമ്പനിയിലും 100 – 110 പേർ ഉണ്ടായിരിക്കും’ – ആഭ്യന്തരവകുപ്പിലെ ഒരു മുതിർന്ന ഉദ്യേഗസ്ഥൻ ഒരു ദേശീയമാധ്യമത്തിനോട് വ്യക്തമാക്കി.
ക്വിക്ക് റിയാക്ഷൻ ടീം ഉൾപ്പെടെയുള്ള സുരക്ഷാസേനകൾ ഓട്ടോമാറ്റിക് ആയുധങ്ങൾ, നിരീക്ഷണ ഉപകരണങ്ങൾ, സാറ്റലൈറ്റ് ഫോണുകൾ, ബോംബ് നിർമാർജ്ജന സ്ക്വാഡുകൾ എന്നിവയോടു കൂടി സജ്ജമായിരിക്കും. ഭീകരവാദ ഭീഷണികളെ മുൻകൂട്ടി തടയുന്നതിനായി ജാമറുകളും സ്ഥാപിക്കും. തീർഥാടകർക്ക് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ടാഗ് നിർബന്ധമാക്കും. അവരുടെ തത്സമയ നീക്കങ്ങൾ ട്രാക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ഇത്.
മേയ് 30 ന്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മേഖല സന്ദർശിക്കുകയും യാത്രയിലുടനീളം ജാഗ്രത നിലനിർത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.