ട്രൂഡോ ഭരണകാലത്ത് മോശമായിരുന്ന ഇന്ത്യ-കാനഡ ബന്ധം വീണ്ടും സൗഹൃദത്തിലേക്ക് നീങ്ങുന്ന സൂചനകളാണ് ജി 7 ഉച്ചകോടിയിൽ നിന്ന് വന്നത്. പുതിയ കനേഡിയൻ പ്രധാനമന്ത്രിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിൽ സൗഹൃദം ഊട്ടിയുറപ്പിച്ചു എന്ന് മാധ്യമങ്ങൽ റിപ്പോർട്ട് ചെയുന്നു. കനനാസ്കിസിൽ നടന്ന ജി 7 നേതാക്കളുടെ ഉച്ചകോടിക്കിടെ മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഉഭയകക്ഷി ചർച്ചകൾ നടത്തി. പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകാൻ ഇരുവരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
2023 ന് ശേഷം ആദ്യമായാണ് ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കാൻ ധാരണയാകുന്നത്. മുടങ്ങിക്കിടന്ന വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായും ഇരുപക്ഷവും അറിയിച്ചു. ഇത് ഇരുരാജ്യങ്ങളും നയതന്ത്രബന്ധം തുടരുമെന്നതിന്റെ സൂചനയായി കണക്കാക്കേണ്ടി വരും.ഈ വർഷം ആദ്യം കാനഡയിൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം കാർണി അധികാരമേറ്റതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഉച്ചകോടിയിൽ നടന്നത്.
പരസ്പര ബഹുമാനം, നിയമവാഴ്ച, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയുടെ തത്വത്തോടുള്ള പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായ കാനഡ-ഇന്ത്യ ബന്ധങ്ങളുടെ പ്രാധാന്യം കാർണിയും മോദിയും വീണ്ടും ഉറപ്പിച്ചതായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വിശ്വാസം പുനർനിർമ്മിക്കുന്നതിനും ബന്ധത്തിന് ആക്കം കൂട്ടുന്നതിനും വിവിധ മേഖലകളിലെ മുതിർന്ന മന്ത്രിതല, പ്രവർത്തന തല ഇടപെടലുകൾ പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും വ്യക്തമാക്കി.
ജി 7 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് കാനഡ പ്രധാനമന്ത്രിയെ നരേന്ദ്രമോദി അഭിനന്ദിച്ചു.
“പ്രധാനമന്ത്രി മാർക്ക് കാർണിയുമായി മികച്ച ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നു. ജി 7 ഉച്ചകോടി വിജയകരമായി നടത്തിയതിന് അദ്ദേഹത്തെയും കനേഡിയൻ സർക്കാരിനെയും അഭിനന്ദിക്കുന്നു. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയിലുള്ള ശക്തമായ വിശ്വാസത്താൽ ഇന്ത്യയും കാനഡയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ-കാനഡ സൗഹൃദത്തിന് ആക്കം കൂട്ടുന്നതിനായി അടുത്ത് പ്രവർത്തിക്കാൻ പ്രധാനമന്ത്രി കാർണിയും ഞാനും ആഗ്രഹിക്കുന്നു. വ്യാപാരം, ഊർജ്ജം, ബഹിരാകാശം, ശുദ്ധമായ ഊർജ്ജം, നിർണായക ധാതുക്കൾ, വളങ്ങൾ തുടങ്ങിയ മേഖലകൾ ഈ കാര്യത്തിൽ വളരെയധികം സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു.” എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
2020ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദിയായി പ്രഖ്യാപിച്ച ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ 2023 ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡൻ്റിനെ ലക്ഷ്യം വച്ചുള്ള കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്.
കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഹാജരാക്കാൻ കാനഡയ്ക്ക് സാധിച്ചതുമില്ല. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിൻ്റെ ഏജൻ്റുമാർക്ക് പങ്കുണ്ടെന്നും തെളിവുകൾ കാനഡയുടെ പക്കലുണ്ടെന്നും ട്രൂഡോ പറഞ്ഞിരുന്നു. സംഭവം വിവാദമാതോടെ കാനഡ പ്രസ്‌താവന നിഷേധിക്കുകയും ചെയ്‌തു. പിന്നാലെ ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായി.