മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പഴുത്ത ചക്ക വെറുതേ കഴിക്കാനും പച്ച ചക്ക കൊണ്ട് അവിയല്‍ വയ്ക്കാനുമൊക്കെ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ ശരീരത്തിന് വിവിധാവശ്യങ്ങള്‍ക്കായി വേണ്ടി വരുന്ന പല ഘടകങ്ങളും ചക്കയില്‍ അടങ്ങിയിട്ടുണ്ട്.
അറിയാം ചക്ക കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍…
ഒന്ന്
ചക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ചക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
രണ്ട്
എല്ലുകള്‍ക്കും പേശികള്‍ക്കും ആവശ്യമായ മഗ്‌നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് ചക്ക. അതിനാല്‍ ചക്ക കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
മൂന്ന്
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചക്ക ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുക്കാനാന്‍ സഹായിക്കും.
നാല്
ചക്കയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അഞ്ച്
പച്ച ചക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.