ഇറാൻ ഇസ്രയേൽ സംഘർഷം നടക്കുകയാണ്. ഇറാനെതിരെ ഇസ്രയേൽ മാത്രമല്ല, അമേരിക്കയും പരോക്ഷമായി പങ്കാളികളാകുന്നുണ്ടെന്നതാണ് സത്യം.യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ഇസ്രയേൽ നടപടിയെന്ന് വിശേഷിപ്പിച്ച റഷ്യ നേരത്തെ അമേരിക്കയും സഖ്യകക്ഷികളുമാണ് സംഘർഷം മൂർച്ഛിപ്പിച്ചതെന്നും ആരോപിച്ചിരുന്നു. മൂന്നു വർഷമായി തുടരുന്ന ഉക്രയ്ൻ യുദ്ധം 24 മണിക്കൂറിനകം അവസാനിപ്പിക്കുമെന്നും ലോകരാജ്യങ്ങളിൽ ഐക്യം വളത്തുമെന്നും പറഞ്ഞ ട്രംപാണിപ്പോൾ ഇറാൻഇസ്രയേൽ യുദ്ധത്തിൽ പരോക്ഷ പിന്തുണ നൽകുന്നത്.ഇന്ത്യ–പാക് വെടിനിർത്തലിന്റെ പിതൃത്വം തനിക്കാണെന്ന് അവകാശപ്പെടുന്ന ട്രംപ്
പക്ഷെ ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ പ്രകടനം മികച്ചതാണെന്ന് പ്രശംസിക്കുകയാണ് ചെയ്തത്. മാത്രമല്ല കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചും നിലവിലുള്ള യുദ്ധവിമാനങ്ങളുടെ വിന്യാസം വർദ്ധിപ്പിച്ചും യുഎസ് സൈന്യം മിഡിൽ ഈസ്റ്റിലെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്തു.മിഡിൽ ഈസ്റ്റിൽ അമേരിക്കയ്ക്ക് വലിയൊരു സേനയുണ്ട്, ഈ മേഖലയിൽ ഏകദേശം 40,000 സൈനികരുണ്ട്. ശത്രു മിസൈലുകൾ കണ്ടെത്തി വെടിവയ്ക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ എന്നിവ ഈ സേനയിൽ ഉൾപ്പെടുന്നുണ്ട്.
ഇതിനിടെയാണ് ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് മുന്നറിയിപ്പുമായി ട്രംപ് വ്യാഴാഴ്ച രംഗത്തെത്തിയത്. ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തനിക്കറിയാമെന്നും അദ്ദേഹത്തെ വധിക്കുക എളുപ്പമാണെന്നും ഇപ്പോൾ അത് ചെയ്യില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ഇതിന് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയും എത്തിയിരുന്നു. ഇറാൻ ഒരിക്കലും ഭീഷണികൾക്ക് വഴങ്ങില്ല. അടിച്ചേൽപ്പിക്കുന്ന സമാധാനം വേണ്ടെന്നും ടെലിവിഷൻ പ്രസ്താവനയിലൂടെ ഖമേനി വ്യക്തമാക്കി. എതെങ്കിലും തരത്തിലുള്ള യു.എസ്. സൈനിക ഇടപെടൽ ഉണ്ടായാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നേരത്തെ തന്നെ ഇസ്രായേൽ ആക്രമണത്തിലെ യു.എസ്. പങ്കാളിത്തം പ്രതികാര നടപടികൾക്ക് കാരണമാകുന്നുവെന്ന് ഇറാന്റെ യു.എൻ. അംബാസഡർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ നടപടികളിൽ അമേരിക്കൻ പങ്കാളിത്തം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയ്ക്ക് മറുപടിയുമായി ഖമേനി രംഗത്തെത്തിയത്.
ഇറാനെ ആക്രമിക്കാനുള്ള എല്ലാ ആയുധങ്ങളും നൽകുന്നതും അമേരിക്കയാണെന്ന കാര്യം പരസ്യമായ രഹസ്യം മാത്രമാണ്. ട്രംപിന്റെതന്നെ ഭാഷയിൽ പറഞ്ഞാൽ “അമേരിക്കയാണ് ഏറ്റവും കൂടുതലും മെച്ചപ്പെട്ടതുമായ യുദ്ധോപകരണങ്ങൾനിർമിക്കുന്നത്. ഇസ്രയേലിന്റെ കൈവശം അത് ധാരാളമായി ഉണ്ട്. ഇനി കൂടുതലായി വരികയും ചെയ്യും. അത് എങ്ങനെഉപയോഗിക്കണമെന്ന് ഇസ്രയേലിന് നന്നായി അറിയുകയും ചെയ്യാം’.
നെതന്യാഹു ഈ യുദ്ധത്തിലൂടെ ഭരണതുടർച്ച ലക്ഷ്യം വെക്കുമ്പോൾ അമേരിക്ക പശ്ചിമേഷ്യയിൽ അവരുമായി കൊമ്പുകോർക്കാൻ ശേഷിയുള്ള രാജ്യത്തെ നിലംപരിശാക്കാൻ കിട്ടിയ അവസരമായി കാണുന്നു