രാജ്യത്തെ ഏറ്റവും കൂടുതൽ ബാറ്ററി കപ്പാസിറ്റി വാഗ്ദാനം ചെയ്ത് പോകോ. പോകോ എഫ് 7നാണ് ഈ സവിശേഷതയുമായി ജൂൺ24ന് പുറത്തിറങ്ങുന്നത്. പോകോ എഫ് 7ന്‍റെ ഇന്ത്യൻ വേരിയന്‍റിന്‍റെ ബാറ്ററി, ചാർജിങ് സവിശേഷതകൾ നേരത്തെ തന്നെ ചോർന്നിരുന്നെങ്കിലും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. 7,550 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയുമായാണ് പുതിയ ഫോൺ വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററിയുള്ള ഫോണെന്ന പേര് നേടിക്കൊടുക്കാൻ ഈ ഫോണിന് സാധിക്കും.
ഫ്ലിപ്‌കാർട്ടിൽ പോകോ എഫ് 7ന്‍റെ ലോഞ്ചുമായി ബന്ധപ്പെട്ട് പ്രോമോ പേജ് ആരംഭിച്ചിട്ടുണ്ട്. 7,550mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രോമോ പോസ്റ്റർ. നിലവിൽ iQOO Z10, വിവോ ടി4 എന്നീ ഫോണുകളിലാണ് ഏറ്റവും കൂടുതൽ ബാറ്ററി കപ്പാസിറ്റിയുള്ളത്. 7,300mAhന്‍റെ ബാറ്ററിയാണ് ഇവയിൽ നൽകിയിരിക്കുന്നത്. പോകോ എഫ് 7ന്‍റെ കമ്പനി സ്ഥിരീകരിച്ച ഫീച്ചറുകളും പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ പരിശോധിക്കാം.
7,550 എംഎഎച്ചിന്‍റെ ബാറ്ററി ആയതിനാൽ തന്നെ ഒരു സാധാരണ ഉപയോക്താവിന് ഒരു തവണ ഫുൾ ചാർജ് ചെയ്‌താൽ 2.18 ദിവസം വരെ ഉപയോഗിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. പോകോ എഫ് 7ന് കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.90 വാട്ടിന്‍റെ ഫ്ലാഷ് ചാർജ് പിന്തുണ ഫോണിന് ലഭിക്കും. കൂടാതെ 22.5 വാട്ടിന്‍റെ റിവേഴ്‌സ് ചാർജിങും പിന്തുണയ്‌ക്കും.
പോകോ എഫ്7 സ്‌മാർട്ട്‌ഫോണിന് ഏകദേശം 30,000 രൂപ വില വരുമെന്ന് പ്രതീക്ഷിക്കാമെന്നാണ് ടിപ്പ്സ്റ്റർ അഭിഷേക് യാദവ് എക്‌സ്റ്റിൽ പങ്കുവച്ചത്. മറ്റൊരു ടിപ്പ്സ്റ്ററായ സുധാൻഷു അംബോർ പോകോ എഫ് 7ന്‍റെ അടിസ്ഥാന വേരിയന്‍റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന സ്പെസിഫിക്കേഷനുകൾ പങ്കുവെച്ചിട്ടുണ്ട്. പോകോ എഫ് 7ന്‍റെ ചോർന്ന ഡിസൈൻ റെൻഡറുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ബ്ലാക്ക്, സിൽവർ, വൈറ്റ് നിറങ്ങളിലുള്ള എലിപ്റ്റിക്കൽ റിയർ ക്യാമറ സജ്ജീകരണമാണ് പോസിൽ വ്യക്തമാകുന്നത്. ഇത് മുമ്പ് പുറത്തുവന്ന റെൻഡറുകൾക്ക് സമാനമാണ്. 120Hz റിഫ്രഷ് റേറ്റും 3,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.83 ഇഞ്ച് AMOLED (2,772×1,280 പിക്‌സൽ) റെസല്യൂഷൻ ഡിസ്‌പ്ലേയാണ് പോകോ എഫ് 7ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. LPDDR5X റാമും UFS 4.1 സ്റ്റോറേജും ഉള്ള സ്‌നാപ്ഡ്രാഗൺ 8എസ് Gen ചിപ്‌സെറ്റ് ഉണ്ടാവാനാണ് സാധ്യത.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഉള്ള 50എംപി സോണി IMX882 പ്രൈമറി റിയർ ക്യാമറയും 8MP അൾട്രാ-വൈഡ് ക്യാമറയും 20എംപി ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2ൽ പോകോയുടെ പുതിയ ഫോൺ പ്രവർത്തിച്ചേക്കാം. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിന് ഐപി68 റേറ്റിങ് ഈ ഫോണിന് ലഭിക്കുമെന്നും പ്രതീക്ഷിക്കാം
















