ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ അവസാനത്തിലെത്തിയെന്ന് ഇറാനിലെ അവസാന ഷായുടെ മകൻ റെസ് പഹ്ലവി രംഗത്തെത്തിയതോടെ രാജ്യത്ത് ആഭ്യന്തര പ്രശ്നവും മുറുകുന്നു. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പഹ്ലവിയുടെ പ്രസ്ഥാവന. ഭരണമാറ്റത്തിന് വീഡിയോയിലൂടെ അദ്ദേഹം ഇറാൻ ജനതയെ ആഹ്വാനം ചെയ്യുന്നുണ്ട്.
“ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ അവസാനത്തിലെത്തി. ഇറാന്റെ ഭാവി ശോഭനമാണ്. ചരിത്രത്തിലെ ഈ മൂർച്ചയുള്ള വഴിത്തിരിവിലൂടെ നമ്മൾ കടന്നുപോകും”.- റെസ് പഹ്‌ലവി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. 1979-ൽ ഇസ്ലാമിക വിപ്ലവത്തോടെ ഇറാനിൽ അവസാനിച്ച 53 വർഷം പഴക്കമുള്ള പഹ്ലവി രാജവംശത്തിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്ലവിയുടെ മൂത്ത മകനാണ് പഹ്ലവി.
ഇറാനിൽ നിന്ന് ഇസ്ലാമിക വിപ്ലവത്തിന്റെ വേരുകൾ പിഴുതെറിയാൻ രാജ്യവ്യാപകമായ ഒരു പ്രക്ഷോഭത്തിനും പഹ്‌ലവി വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. നിലവിലെ ഭരണകൂടത്തെ പിന്തുണയ്ക്കരുതെന്നും ജനാധിപത്യത്തിലേക്ക് ഇറാനെ മടക്കികൊണ്ടുവരാൻ രാജ്യത്തെ സൈന്യവും സർക്കാർ ജീവനക്കാരും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിൽ നിന്നും പോലീസിൽ നിന്നും തനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പഹ്‌ലവി പറഞ്ഞു.
അതേസമയം, കീഴടങ്ങണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി രംഗത്തെത്തി. ഇറാൻ ഒരിക്കലും ഭീഷണികൾക്ക് വഴങ്ങില്ല. അടിച്ചേൽപ്പിക്കുന്ന സമാധാനം വേണ്ടെന്നും ടെലിവിഷൻ പ്രസ്താവനയിലൂടെ ഖമേനി വ്യക്തമാക്കി. എതെങ്കിലും തരത്തിലുള്ള യു.എസ്. സൈനിക ഇടപെടൽ ഉണ്ടായാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് മുന്നറിയിപ്പുമായി ട്രംപ് വ്യാഴാഴ്ചയാണ് രംഗത്തെത്തിയത്. ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തനിക്കറിയാമെന്നും അദ്ദേഹത്തെ വധിക്കുക എളുപ്പമാണെന്നും ഇപ്പോൾ അത് ചെയ്യില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. സദാം ഹുസൈന്റെ വിധിയാണ് ഖമേനിയെ കാത്തിരിക്കുന്നതെന്ന് ഇസ്രായേലും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് രംഗത്തെത്തിയത്.
















