ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ എസ്‌യുവിയുടെ മൂന്നാം തലമുറ മോഡലായ ക്യു3 വരുന്നു. ഔഡി ക്യു3 സെപ്റ്റംബറോടെ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് വിവരം.ഈ കാറിന്‍റെരണ്ടാം തലമുറ 2018 ൽ ആണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്. 2018 മുതൽ ഇത് ആഗോള വിപണിയിലും വിൽപ്പനയ്ക്ക് ലഭ്യമാണ്. ഐസിഇയിൽ പ്രവർത്തിക്കുന്ന Q3-യുടെ മൂന്നാമത്തെയും അവസാനത്തെയും തലമുറയായിരിക്കും വരാനിരിക്കുന്ന മോഡലെന്ന് പ്രതീക്ഷിക്കുന്നു. പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം പുതുക്കിയ രൂപകൽപ്പനയും ഈ മോഡലിന് ലഭിക്കും.
നിലവിലുള്ള ഔഡി ക്യു5ന്‍റെ അതേ ഡിസൈൻ ഭാഷയാണ് ക്യൂ3 മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ഒരു വലിയ എസ്‌യുവിയുടെ ചെറിയ പതിപ്പായാണ് ഇതിനെ കണക്കാക്കുന്നത്. മുൻവശത്തെ പ്രൊഫൈലിനെക്കുറിച്ച് പറയുമ്പോൾ, നൽകിയിരിക്കുന്ന സിംഗിൾ-ഫ്രെയിം ഹണികോമ്പ് ഗ്രില്ലും ക്യു 5ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. കൂടാതെ ഇതിന് പുതിയ സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് സജ്ജീകരണവുമുണ്ട്. അതിന് മുകളിൽ പിക്‌സൽ വലുപ്പത്തിലുള്ള ഡിആർഎല്ലുകളും നൽകിയിട്ടുണ്ട്. ഇവയ്ക്ക് താഴെ 25,600 മൈക്രോ-എൽഇഡികളുള്ള മാട്രിക്‌സ് ഹെഡ്‌ലൈറ്റുകൾ ഉണ്ട്. അവയിൽ ഓരോന്നിനും മനുഷ്യന്‍റെ മുടിയുടെ പകുതി കനമുണ്ട്.
സൈഡ് പ്രൊഫൈലിനെക്കുറിച്ച് പറയുകയാണെങ്കിൽ, D-പില്ലർ വരെ നീളുന്ന വിൻഡോ ലൈനാണ് മുകളിൽ നൽകിയിരിക്കുന്നത്. ഇത് പിൻ വിൻഡ്‌സ്‌ക്രീനുമായി ഇണങ്ങുന്നുമുണ്ട്. ഇതിനുപുറമെ, സൈഡ് സ്‌കർട്ടുകൾക്കായി നേരത്തെ ഉപയോഗിച്ചിരുന്ന ബ്ലാക്ക്-ഔട്ട് ക്ലാഡിങ് ഇപ്പോൾ വീൽ ആർച്ചുകൾക്ക് സമാനമായി ബോഡി നിറത്തിൽ തന്നെയാണ് ചെയ്‌തിരിക്കുന്നത്. സ്റ്റാൻഡേർഡായി 17 ഇഞ്ച് അലോയ് വീലുകളും 20 ഇഞ്ച് വരെ അലോയ് വീലുകളും എസ്‌യുവിക്ക് ലഭിക്കുന്നു.
2025 ഓഡി Q3യുടെ പിൻഭാഗത്ത് വരുത്തിയ മാറ്റങ്ങൾ പരിശോധിക്കുമ്പോൾ, പുതിയ ഔഡി A6ന് സമാനമായ ഒരു സ്പ്ലിറ്റ്-ലൈറ്റ് സജ്ജീകരണം ഇതിന് ലഭിക്കുന്നു. ഇതിനുപുറമെ, OLED ടെയിൽലാമ്പുകൾ 6 ഗ്രാഫിക്‌സും ഒരു പ്രകാശിതമായ നാല്-റിങ് ഔഡി ലോഗോയും നൽകുന്നു.
ഔഡി ക്യു3യുടെ ക്യാബിൻ പൂർണമായും നവീകരിച്ചിട്ടുണ്ട്. ഡ്രൈവറിനായി 11.9 ഇഞ്ച് ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും, അതിനടുത്തായി ആൻഡ്രോയിഡ് ഓട്ടോമോട്ടീവ് ഒഎസിൽ പ്രവർത്തിക്കുന്ന 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് 3-സ്‌പോക്ക് സ്റ്റിയറിങ് വീൽ ലഭിക്കുന്നു. കൂടാതെ കപ്പാസിറ്റീവ് ടച്ച് ബട്ടണുകളുമുണ്ട്.ഗിയർ സെലക്‌ടർ സെന്‍റർ കൺസോളിൽ നിന്ന് സ്റ്റിയറിങിന് പിന്നിലേക്ക് മാറ്റാനാകും. ഇതുവഴി മുൻസീറ്റുകളിൽ സ്ഥലം ലാഭിക്കാനാകും.
ഡീസൽ, പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനുകൾ എന്നിങ്ങനെ രണ്ട് ടർബോ-പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ചാണ് ഔഡി ക്യു3 അന്താരാഷ്ട്ര വിപണികളിൽ വിൽക്കുക. ഡീആക്‌ടിവേഷൻ സാങ്കേതികവിദ്യയുള്ള 148 ബിഎച്ച്പി പവർ നൽകുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഒന്നാമത്തെ ഓപ്‌ഷൻ. ക്വാട്രോ ഫോർ-വീൽ ഡ്രൈവ് സിസ്റ്റം ഉള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് രണ്ടാമത്തേത്. ഈ എഞ്ചിൻ 261 ബിഎച്ച്പി പവർ നൽകുന്നു.
2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് മൂന്നാമത്തേത്. ഇതിന് 4WD ഓപ്ഷൻ ഇല്ല. 148 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്നതാണ് ഡീസൽ എഞ്ചിൻ. ഈ മൂന്ന് എഞ്ചിനുകളിലും 7-സ്‌പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഉണ്ട്. 1.5 ലിറ്റർ TFSI എഞ്ചിനാണ് നാലാമത്തെ ഓപ്ഷൻ. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കി കൊണ്ട് 268 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ.