പശ്ചിമേഷ്യയെ യുദ്ധക്കളമാക്കിയ ഇസ്രയേലിന്റെ ഇറാൻ ആക്രമണവും തിരിച്ചടിയും ആഗോള അസംസ്‌കൃത എണ്ണവിപണിയിൽ ആശങ്ക സൃഷ്ടിക്കുകയാണ്.സംഘർഷം തുടർച്ചയായ ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ എണ്ണ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളറിനു മുകളിൽ എത്തിയതോടെ ക്രൂഡ് ഓയിൽ വില 5 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.ഇന്ന്, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 0.64% വരെ ഉയർന്നു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്കാണ് ഇന്ന് എണ്ണവില എത്തിയത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ കഴിഞ്ഞ വ്യാപാര സെഷനിൽ 4.4% ഉയർന്ന് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.
ഇറാനും ഇസ്രായേലും സൈനിക ആക്രമണങ്ങൾ തുടരുന്നതോടെ ആഗോള വിപണികളിൽ ദീർഘകാല അനിശ്ചിതത്വത്തിന്റെ തുടക്കമായിരിക്കും ഇതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇസ്രയേൽ ആക്രമണത്തിന് ഇറാൻ ഹോർമുസ് കടലിടുക്ക് വഴി പ്രതികാരം ചെയ്താൽ സംഘർഷം വീണ്ടും രൂക്ഷമാകും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അവസാനിച്ചാൽ എണ്ണവില നിയന്ത്രണത്തിൽ നിന്നെന്ന് വരില്ല. കാരണം, ഏകദേശം 20 ശതമാനം എണ്ണ കയറ്റുമതിയുടെയും ഒരു പ്രധാന ധമനിയാണ് ഹോർമുസ് കടലിടുക്ക്.
യുദ്ധം കൂടുതൽ ശക്തിപ്പെട്ടാൽ എണ്ണവില 100–120 ഡോളർവരെ ഉയർന്നേക്കാമെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക സേവന സ്ഥാപനമായ ജെ പി മോർഗൻ വിലയിരുത്തുന്നത്. എണ്ണവിലയിലുണ്ടാകുന്ന വർധന ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. ആവശ്യമുള്ള എണ്ണയുടെ 85 ശതമാനത്തോളം ഇറക്കുമതിചെയ്യുന്ന ഇന്ത്യക്ക് വിലവർധന വൻ ആഘാതമാകും. വ്യാപാരകമ്മി വർധിക്കും. രൂപയുടെ മൂല്യം ഇടിയും. ഇന്ധന, ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം കൂടുതൽ രൂക്ഷമാകുകയും ചെയ്യും.