ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ് തങ്ങളുടെ ഇലക്ട്രിക് സെഡാനായ മെഴ്‌സിഡസ്-ബെൻസ് ഇക്യുഎസിന്‍റെ സ്പെഷ്യൽ എഡിഷൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. മെഴ്‌സിഡസ്-ബെൻസ് EQS 580 സെലിബ്രേഷൻ എഡിഷൻ എന്നാണ് ഈ ലിമിറ്റഡ് എഡിഷൻ പതിപ്പിന് പേര് നൽകിയിരിക്കുന്നത്. 1.30 കോടി രൂപയാണ് ഇതിന്‍റെ എക്‌സ്-ഷോറൂം വില. ഇക്യുഎസ് 580 4മാറ്റിക് സെലിബ്രേഷൻ എഡിഷൻ 50 യൂണിറ്റുകളായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
സ്റ്റാൻഡേർഡ് ഇലക്ട്രിക് സെഡാനുമായി താരതമ്യപ്പെടുത്തുമ്പോൾ കാറിന്‍റെ പിൻ സീറ്റിൽ സുഖസൗകര്യങ്ങൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. ഇതിനായി ചില സവിശേഷതകളും ചേർത്തിട്ടുണ്ട്. റിയർ സീറ്റ് കംഫർട്ട് പാക്കേജ് സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയതാണ് ഇതിലെ ഏറ്റവും വലിയ അപ്‌ഗ്രേഡ്.
ഇത് പിൻ സീറ്റുകളിൽ മസാജും ഫീച്ചറും മൾട്ടി-സോൺ ബാക്ക്‌റെസ്റ്റ് ഹീറ്റിങ് ഫങ്‌ഷനും നൽകുന്നു. 38 ഡിഗ്രി വരെ ചാരിയിരിക്കാൻ കഴിയുന്ന തരത്തിലാണ് സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ സ്റ്റാൻഡേർഡ് സെഡാനിൽ 30 ഡിഗ്രിയാണ് ചാരിയിരിക്കാൻ സാധിക്കുക.
ഇതിനുപുറമെ, ഈ കാറിൽ സ്റ്റാൻഡേർഡായി ചാഫർ പാക്കേജും നൽകിയിട്ടുണ്ട്. കൂടുതൽ സ്‌പേസ് ലഭിക്കുന്നതിന് കാർ ഉടമകൾക്ക് കോ-ഡ്രൈവർ സീറ്റ് നീക്കം ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. കാറിൽ കാണപ്പെടുന്ന എംബഡഡ് നാവിഗേഷൻ സിസ്റ്റവും കമ്പനി അപ്‌ഗ്രേഡ് ചെയ്‌തിട്ടുട്ടുണ്ട്. ഇൻഫോടെയ്ൻമെന്‍റ് ഡിസ്‌പ്ലേയിൽ ഒരു ഓഗ്‌മെന്‍റഡ് റിയാലിറ്റി ഡിസ്‌പ്ലേ ഫങ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. സെലിബ്രേഷൻ എഡിഷനിൽ നാപ്പ ലെതർ സീറ്റുകൾ ഉപയോഗിച്ചുകൊണ്ട് അപ്ഹോൾസ്റ്ററിയും വികസിപ്പിച്ചിട്ടുണ്ട്.
സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് മെഴ്‌സിഡസ്-ബെൻസ് EQS 580 സെലിബ്രേഷൻ എഡിഷനിൽ മറ്റ് അപ്‌ഡേറ്റുകളൊന്നുമില്ല. MBUX ഹൈപ്പർസ്‌ക്രീൻ, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, 4.5 ഡിഗ്രി വരെ റിയർ ആക്‌സിൽ സ്റ്റിയറിങ് (സോഫ്റ്റ്‌വെയർ വാങ്ങൽ വഴി 10 ഡിഗ്രി വരെ അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്), ഹീറ്റിങും വെന്‍റിലേഷനും ഉള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, റിയർ എന്‍റർടൈൻമെന്‍റ് ഡിസ്‌പ്ലേ തുടങ്ങി നിരവധി സവിശേഷതകൾ ഈ കാറിൽ ഉണ്ട്. ഇത് സ്റ്റാൻഡേർഡ് മോഡലിന് സമാനമായി തന്നെ തുടരുന്നു.
സ്റ്റാൻഡേർഡ് മോഡലിന് സമാനമായ അതേ പവർട്രെയിൻ തന്നെയാണ് പ്രത്യേക പതിപ്പിലും നൽകിയിരിക്കുന്നത്. 536 bhp പവറും 858 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവൽ മോട്ടോർ ഓൾ-വീൽ ഡ്രൈവ് പവർട്രെയിൻ ആണ് ഈ കാറിൽ നൽകിയിരിക്കുന്നത്. 107.8 കിലോവാട്ട് ബാറ്ററി പായ്ക്കിലാണ് മെഴ്‌സിഡസ്-ബെൻസ് EQS 580 സെലിബ്രേഷൻ എഡിഷൻ ലഭ്യമാവുക. ഇത് ഈ ഇലക്ട്രിക് സെഡാനെ പരമാവധി 813 കിലോമീറ്റർ വരെ സഞ്ചരിക്കാൻ അനുവദിക്കുന്നു.