സാഹസിക ദൗത്യത്തിനിടെ അമേരിക്കയിലെ ഡെമനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാനെ സുരക്ഷിതമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഷെയ്ഖ് ഹസന്‍ ഖാന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനാണെന്നും അദ്ദേഹം വെള്ളവും ഭക്ഷണമില്ലാതെ കുടുങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മലയാളം വാര്‍ത്ത ചാനലുകള്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസന്‍ ഖാനെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ നോര്‍ക്കയും ഇടപെട്ടിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയോട് ഇക്കാര്യം അഭ്യര്‍ഥിച്ചു. അതേസമയം, ആന്റോ ആന്റണി എംപിക്ക് പിന്നാലെ വി ശിവദാസന്‍ എം പി യും വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് സമാന ആവശ്യം ഉന്നയിച്ച് കത്തയച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് പതാക നാട്ടാനുള്ള ദൗത്യത്തിനിടെയാണ് ഷെയ്ക്ക് ഹസന്‍ ഖാന്‍ നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ സാറ്റലൈറ്റ് ഫോണില്‍ നിന്ന് ട്വന്റിഫോറിനെ ബന്ധപ്പെട്ടാണ് താന്‍ കുടുങ്ങിയ വിവരം ഷെയ്ഖ് ഹസന്‍ ഖാന്‍ അറിയിച്ചത്.
എവറസ്റ്റ് കീഴടക്കി ചരിത്രത്തിലിടം പിടിച്ച മലയാളി പര്‍വതാരോഹകനാണ് ഷെയ്ക്ക് ഹസന്‍ ഖാന്‍. അമേരിക്കയിലെ ഏറ്റവും വലിയ പര്‍വതത്തിന് 17,000 അടി മുകളിലുള്ള ബേസ് ക്യാപിലാണ് ഷെയ്ക്ക് ഹസനും ഒപ്പമുണ്ടായിരുന്ന അമേരിക്കന്‍ പൗരനും ഇപ്പോള്‍. സാധാരണമായി ഇത്തരത്തിലുള്ള കൊടുങ്കാറ്റ് മൗണ്ട് ഡെമനാലിയില്‍ ഉണ്ടാകാറില്ല. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാംപില്‍ രക്ഷാദൗത്യം ദൃഷ്‌കരമാണെന്ന് ഷെയ്ക്ക് ഹസന്‍ ഖാന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മകന്‍ പര്‍വ്വതത്തില്‍ കുടുങ്ങിക്കിടക്കുന്ന വിവരം ട്വന്റിഫോര്‍ വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും ഒന്ന് സംസാരിച്ചാല്‍ മാത്രം മതിയെന്ന് ഷെയ്ഖ് ഹസന്‍ ഖാന്റെ മാതാവ് പറഞ്ഞു.
STORY HIGHLIGHT : Pinarayi Vijayan has written to the Prime Minister requesting him to take necessary steps to secure Sheikh Hassan Khan