നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തെ ആറ് മണിയോടെ വിവിധ ബൂത്തുകളില്‍ മോക്ക് പോള്‍ നടന്നിരുന്നു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്.
കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടര്‍മാരാണ് ഇന്ന് നിലമ്പൂരിന്റെ വിധിയെഴുതുക.
വോട്ടര്‍മാരില്‍ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാന്‍സ് ജെന്‍ഡര്‍മാരുമുണ്ട്. 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്.
7 മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ് വോട്ടെണ്ണല്‍.
പ്രധാന മുന്നണി സ്ഥാനാർഥികളായ ആര്യാടൻ ഷൗക്കത്തിനും എം. സ്വരാജിനും പുറമേ സ്വതന്ത്ര സ്ഥാനാർഥിയായി എത്തുന്ന പി വി അൻവറിൻ്റെ സാന്നിധ്യമാണ് മത്സരത്തെ പ്രവചനാതീതമാക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോര്‍ത്ത പ്രചാരണത്തിനു ശേഷമാണ് ഇന്ന് മണ്ഡലം വിധിയെഴുതുന്നത്. യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം അന്‍വറിന്റെ കൂടി സാന്നിധ്യം പോരാട്ടം വീറുറ്റതാക്കുകയാണ്.
മൂന്നാംവട്ടവും ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ സർക്കാരിനും നിലമ്പൂരിലെ വിധിയെഴുത്ത് നിർണായകം. ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദമുയർത്തിയ പ്രതിപക്ഷത്തിന്റെ നിലപാട് ഉറപ്പിക്കാൻ മണ്ഡലം പിടിച്ചെടുക്കേണ്ട ബാധ്യതയാണ് യുഡിഎഫിന്റേത്. വികസനമുദ്രാവാക്യത്തിന് എത്രവോട്ടെന്ന കണക്കെടുപ്പിലാണ് എൻഡിഎ.