നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 22ാം ബൂത്തിലാണ് സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്. പിതാവിനൊപ്പമാണ് സ്വരാജ് എത്തിയത്.
നൂറ് ശതമാനം വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാകുക. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും സ്വരാജ് പറഞ്ഞു. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല. നല്ല ആത്മവിശ്വാസം ഉണ്ട്. അത് വ്യക്തിപരമായതല്ല, ഈ നാട് പകർന്ന് നൽകിയ ആത്മവിശ്വാസമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഓരോ ദിവസം കഴിയുന്തോറും ആ ആത്മവിശ്വാസം വർധിച്ചുവരുന്ന അനുഭവമാണ് ഉള്ളത്. വർധിച്ച ആത്മവിശ്വാസത്തോടെ, ആഹ്ലാദത്തോടെയാണ് തെരഞ്ഞെടുപ്പ് ദിവസത്തെ സ്വാഗതം ചെയ്തത്. പ്രതീക്ഷയിൽ കവിഞ്ഞ പിന്തുണയും ഐക്യദാർഢ്യവുമാണ് ഈ മണ്ഡലത്തിൽ നിന്ന് ലഭിച്ചത്തെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സ്വരാജ് പറഞ്ഞു.