നിലമ്പൂരിൽ വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന്‍ ഷൗക്കത്തിന് കഥയെഴുതാന്‍ പോകാമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍. സ്വരാജിന് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്ക് പോകാമെന്നും താന്‍ നിയമസഭയിലേക്ക് പോകുമെന്നും അന്‍വര്‍ പറഞ്ഞു. വോട്ടുചെയ്യാനെത്തിയ അന്‍വര്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
എല്‍ഡിഎഫ് ല്‍ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കുമെന്നും യുഡിഎഫ് ല്‍ നിന്ന് 35 % വോട്ടും ലഭിക്കുമെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ തനിക്ക് 75000ന് മുകളില്‍ വോട്ടുലഭിക്കുമെന്ന് പറയുന്നത് തന്റെ അമിത ആത്മവിശ്വാസമല്ല യാഥാര്‍ഥ്യമാണെന്നും, യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞല്ല വോട്ടുപിടിക്കുന്നതെന്നും സിനിമ ഡയലോഗ് പറഞ്ഞാണ് വോട്ടുചോദിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
2016 ല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബൂത്തില്‍ താന്‍ ആണ് ലീഡ് ചെയ്തതെന്നും ഇത്തവണയും നമ്മുക്ക് കാണാമെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്നും മറിച്ചൊരു വിധി വന്നാല്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോ എന്നും അന്‍വര്‍ ചോദിച്ചു.
ആര്‍എസ്എസിന്റെ കൂടെക്കൂടിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച സിപിഐഎം വൈകീട്ട് അതില്‍ നിന്ന് മലക്കം മറിയേണ്ടി വന്നു. പിന്നീട് പ്രതിക്രിയാവാദമെന്നൊക്കെ പറയാന്‍ ശ്രമിച്ചു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ പാര്‍ട്ട്ണറുമാര്‍ ഇപ്പോള്‍ അംബാനിയും അദാനിയുമൊക്കെയാണ്. അതിനാല്‍ രാഷ്ട്രീയമല്ല പച്ചയായ വര്‍ഗീയത മാത്രമേ പറയാനുള്ളൂവെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.