പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇന്ന് 55–ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തി ഡൽഹി തൽകത്തൊറ സ്റ്റേഡിയത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നുണ്ട്. 100ലേറെ കമ്പനികൾ പങ്കെടുക്കുന്ന മേളയിലൂടെ 5,000ത്തിൽപരം യുവജനങ്ങൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന തൊഴിൽ മേളയിൽ 20,000 ത്തോളം തൊഴിൽരഹിതരായ യുവാക്കൾ രജിസ്റ്റർ ചെയ്തതായി ഡൽഹി കോൺഗ്രസ് പ്രസിഡന്‍റ് ദേവേന്ദർ യാദവ് പറഞ്ഞു.
എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.
നിരവധി പേരാണ് രാഹുലിന് പിറന്നാൾ ആശംസകൾ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, രാജസ്ഥാനിൽനിന്നുള്ള കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖർ രാഹുലിന് പിറന്നാൾ ആശംസിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു.
പ്രതിപക്ഷ നേതാവിന് പിറന്നാളാശംസ പങ്കുവെച്ച രാജ്നാഥ് സിങ്, അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്നു. മികച്ച ഇന്ത്യക്കായുള്ള പോരാട്ടം ഒരുമിച്ച് തുടരാമെന്നാണ് സ്റ്റാലിൻ കുറിച്ചത്.
















