ദുബായ്: ഇറാനിലെ ആണവ നിലയം ആയ ഹെവി വാട്ടർ റിയാക്ടർ തകർത്ത് ഇസ്രയേൽ ആക്രമണം. ഇറാനിലെ ടെഹ്‌റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആണവ നിലയമാണ് അറാക് ഹെവി വാട്ടർ റിയാക്ടർ (IR-40).
ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനുമുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, ഇസ്രയേലി നഗരങ്ങളിൽ ഇറാന്റെ കനത്ത വ്യോമാക്രമണം തുടരുകയാണ്. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്ഥലങ്ങളിൽ ഇറാനിയൻ മിസൈലുകൾ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണു വിവരം. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. പ്രാദേശിക സമയം രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നു. അറുപതിലേറെ പേർക്കു പരുക്കേറ്റതായും റിപ്പോർട്ട് പറയുന്നു.
ഇസ്രയേൽ സൈന്യത്തിന്റെ കമാൻഡ് ആൻഡ് ഇന്റലിജൻസ് ആസ്ഥാനവും സൈനിക ഇന്റലിജൻസ് ക്യാംപുമാണ് ഇറാൻ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം. ബീർ ഷെവയിലെ സൊറോക്ക ആശുപത്രിക്കു സമീപമാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ സൊറോക്ക ആശുപത്രിക്കു നേരെയും മിസൈൽ ആക്രമണമുണ്ടായി.