ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ച് പരിശോധന നടത്തിയേക്കും. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് വിവരം. വാഷിങ്ടനിലെ നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്ക് അയച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കും. ബ്ലാക്ക് ബോക്‌സ് യുഎസിലേക്ക് അയച്ചാൽ, എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒരു സംഘവും അങ്ങോട്ടേക്ക് പോകുമെന്നാണ് വ്യോമയാന മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ പറയുന്നത്.
അപകടത്തെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ബ്ലാക്ക് ബോക്സിൽ നിന്നാണ് ലഭിക്കുന്നത്. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ, കോക്പിറ്റ് വോയ്സ് റിക്കോർഡർ എന്നീ ഭാഗങ്ങൾ അടങ്ങിയതാണു ബ്ലാക്ക് ബോക്സ്. വിമാനത്തിന്റെ ഉയരം, വേഗം തുടങ്ങിയ കാര്യങ്ങൾ അടയാളപ്പെടുത്തുന്നതാണു ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ. എൻജിൻ പെർഫോമൻസ്, വിമാനപാത തുടങ്ങിയ വിവരങ്ങളും ഇതു 30 ദിവസത്തേക്കു രേഖപ്പെടുത്തിവയ്ക്കും.
പൈലറ്റുമാരുടെ സംഭാഷണങ്ങളും മറ്റു ശബ്ദങ്ങളുമൊക്കെ റിക്കോർഡ് ചെയ്യുന്നതാണു കോക്പിറ്റ് വോയ്സ് റിക്കോർഡർ. അവസാന 2 മണിക്കൂറിലെ ശബ്ദങ്ങളാണ് ഇതിൽ രേഖപ്പെടുത്തപ്പെടുക. ബ്ലാക്ക് ബോക്സ് എന്നു പേരുണ്ടെങ്കിലും യഥാർഥത്തിൽ തിളക്കമേറിയ ഓറഞ്ച് നിറംകൊണ്ടാണു ഇവ പെയിന്റ് ചെയ്യുന്നത്. വിമാനാപകടമുണ്ടാകുമ്പോൾ തകർച്ചകൾക്കും അവശിഷ്ടങ്ങൾക്കുമിടയിൽനിന്ന് പെട്ടെന്നു കണ്ടെത്താനായാണ് ഇത്. വെള്ളത്തിലാണു വീഴുന്നതെങ്കിൽ 30 ദിവസത്തേക്ക് അൾട്രാസോണിക് സിഗ്നലുകൾ ഇതിൽ നിന്നു പുറത്തുവന്നുകൊണ്ടിരിക്കും. ഇതു ട്രേസ് ചെയ്തു വിമാനം കണ്ടെത്താം.
വിമാനത്തിന്റെ വാൽഭാഗത്തായാണു ബ്ലാക്ക് ബോക്സുകൾ സാധാരണ വയ്ക്കാറുള്ളത്. ഒരു ദുരന്തം നടന്നാലും ഈ ഭാഗത്ത് ആഘാതം പൊതുവെ കുറവായിരിക്കും എന്നതിനാലാണ് ഇത്. എല്ലാ വാണിജ്യ വിമാനങ്ങളിലും ബ്ലാക്ക് ബോക്സുകൾ നിർബന്ധമായി വയ്ക്കണമെന്നു രാജ്യാന്തര വ്യോമയാന ഏജൻസികളുടെ നിഷ്കർഷയുണ്ട്. പ്രത്യേക ലാബുകളാണു ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ പരിശോധിക്കുക. ഇതിന് ആഴ്ചകളോ മാസങ്ങളോ എടുക്കാം. പല വിമാന ദുരന്തങ്ങളുടെയും വ്യക്തമായ കാരണം മനസിലാക്കാൻ ബ്ലാക്ക് ബോക്സുകൾ ഉപകരിച്ചിട്ടുണ്ട്.