തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് രാജ് ഭവനിലെ പരിപാടിയിൽ നിന്ന് പ്രതിഷേധിച്ച് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയി. എൻസിസി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ഭാരതാംബയുടെ ചിത്രം കണ്ടത്. ആർഎസ്എസിന്റെ കേന്ദ്രമായി രാജ്ഭവൻ മാറിയെന്ന് പുറത്തിറങ്ങിയശേഷം മന്ത്രി പറഞ്ഞു.
‘മഹാത്മാഗാന്ധിയുടേയോ, ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയോ ചിത്രമാണെങ്കില്‍ നമുക്ക് മനസിലാക്കാമായിരുന്നു.ഇത് ആരുടെ ചിത്രമാണ് വെച്ചതെന്ന് പോലും അറിയില്ല. അംഗീകരിക്കാൻ കഴിയാൻ പറ്റാത്ത ചടങ്ങായതിനാൽ ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞാണ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോന്നത്.എന്നോട് ആലോചിക്കാതെയാണ് പരിപാടി നിശ്ചയിച്ചത്’മന്ത്രി പറഞ്ഞു.
‘ഭാരതാംബയുടെ ചിത്രത്തിന്റെ മുന്നിലാണ് നിലവിളക്ക് കത്തിച്ചത്. ഞാൻ എത്തുന്നതിന് മുമ്പാണ് ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതും വിളക്ക് കൊളുത്തിയതും. രാജ്ഭവനാണ് ഇത്.സർക്കാറുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ ഈ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധിക്കുന്നുവെന്നും ഗവർണറെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
















